ന്യുഡൽഹി: സുപ്രീംകോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നുവെന്ന് സുപ്രീംകോടതി രജിസ്ട്രി. വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് വഞ്ചിതരാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ പൊതുനോട്ടീസിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരിൽ വ്യാജ വെബ്സൈറ്റ് വഴി സ്വകാര്യ, രഹസ്യ വിവരങ്ങൾ ചോദിക്കുന്നതായും ആരും വിവരങ്ങൾ നൽകരുതെന്നും സുപ്രീംകോടതി രജിസ്ട്രി മുന്നറിയിപ്പ് നൽകി.ആധികാരികത ഉറപ്പ് വരുത്താതെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. www.sci.gov.in എന്നതാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ്. സുപ്രീംകോടതി രജിസ്ട്രി ആരുടെയും സ്വകാര്യ വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ചോദിക്കില്ല. വഞ്ചനക്ക് ഇരയായിട്ടുണ്ടെങ്കിൽ അക്കൗണ്ടുകളുടെ പാസ്വേർഡുകൾ മാറ്റാനും ബന്ധപ്പെട്ട സ്ഥാപനങ്ങളെ വിവരം അറിയിക്കാനുമാണ് നിർദേശം.