കോഴിക്കോട്∙ മന്ത്രിമാരെ വേദിയിരുത്തി സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ പ്രതികരിച്ച നടൻ ജയസൂര്യയ്ക്കു പിന്തുണയുമായി ജോയ് മാത്യു. ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യനെന്ന് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ ജോയ് മാത്യു വിശദീകരിക്കുന്നു. ‘‘തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി’’ – അദ്ദേഹം കുറിച്ചു.
ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം:
തിരുവോണസൂര്യൻ
——————-
മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നിൽക്കുന്ന കലാ-സാഹിത്യകാരാണെങ്ങും.
ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.
അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ!