ന്യൂഡൽഹി∙ ഓണ്‍ലൈൻ വ്യാപാര വെബ്സൈറ്റായ ആമസോണിന്റെ മാനേജർ, ഹർപ്രീത് ഗില്ലിനെ കൊലപ്പെടുത്തിയത് പതിനെട്ടുകാരനെന്ന് റിപ്പോർട്ട്. ഇയാൾക്കെതിരെ നാലു വധക്കേസുകൾ ഉണ്ടെന്നും സംഘത്തിൽ 12ൽപ്പരം അംഗങ്ങളുണ്ടെന്നും സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ തോക്കുകളും സിനിമാ ഡയലോഗുകളുമായി റീലുകൾ ഇടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുഹമ്മദ് സമീർ അഥവാ മായ എന്ന ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 2000ൽ അധികം ഫോളോവർമാരുണ്ട്. ‘
മുടി നീട്ടി വളർത്തി, തിളക്കമാർന്ന വസ്ത്രങ്ങൾ ധരിച്ച് മായയുടെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജയിൽ എന്ന് പേരിട്ടിരിക്കുന്ന ഒരു റീലിൽ നിരവധി യുവാക്കൾ അഴികൾക്കുള്ളിൽക്കിടക്കുന്നതാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റൊന്നിൽ മായയും തോക്കുകൾ പിടിച്ച് പോസ് ചെയ്തിട്ടുണ്ട്. ‘മായ ഗ്യാങ്’ എന്ന പേര് ഇട്ടിരിക്കുന്ന റീലിൽ നിരവധി കൗമാരക്കാരെയും കാണിക്കുന്നു. പേരിനും പ്രശസ്തിക്കും വേണ്ടി കൗമാരക്കാർ കാണിക്കുന്ന വെറും ഷോ ഓഫ് വിഡിയോ അല്ലെന്നും വടക്കുകിഴക്കൻ ഡൽഹിയിലെ ഭീതിയിലാഴ്ത്തുന്ന സംഘമാണിതെന്നും പൊലീസ് പറയുന്നു. ‘മായാ ഗ്യാങ്’ എന്നാണ് സംഘം സ്വയം വിശേഷിപ്പിക്കുന്നത്.
മായയും ഇയാളുടെ കൂട്ടാളി പതിനെട്ടുകാരനായ ബിലാൽ ഗാനിയും ഗില്ലിന്റെ കൊലക്കേസിൽ അറസ്റ്റിലായി. മറ്റുള്ളവർക്കുവേണ്ടി തിരച്ചിൽ നടത്തുകയാണ് പൊലീസ്. അടുത്തിടെയാണ് മായയ്ക്ക് 18 തികഞ്ഞത്. ജുവനൈൽ ആയിരിക്കുമ്പോൾത്തന്നെ ഇയാൾ നാലു കേസുകളിൽ പ്രതിയായിട്ടുണ്ട്. ഗാനിക്ക് ഈ ഞായറാഴ്ചയാണ് 18 തികഞ്ഞത്. കഴിഞ്ഞ വർഷം ഒരു കൊലക്കേസും മോഷണവും ഇയാളുടെ പേരിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
∙ കൊലയ്ക്ക് കാരണം
ചൊവ്വാഴ്ച വൈകുന്നേരം പത്തരയോടെ ഹർപ്രീതും ബന്ധു ഗോവിന്ദും (32) ഇടുങ്ങിയ വഴിയിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. മായയും ഗാനിയും കൂട്ടാളികളായ സൊഹൈൽ (23), മുഹമ്മദ് ജുനൈദ് (23), അദ്നാൻ (19) എന്നിവരും രണ്ടു സ്കൂട്ടറുകളിലായി പാർട്ടിക്കുശേഷം തിരികെ വന്നപ്പോൾ ഇടുങ്ങിയ വഴിയിൽ നേർക്കുനേർ എത്തി. പിന്നോട്ടുപോകാൻ ആരും തയാറാകാത്തതിനെത്തുടർന്നുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിന്നാലെ മായ ഹർപ്രീതിനെയും ഗോവിന്ദിനെയും വെടിവച്ചു വീഴ്ത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.