കോട്ടയം> കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസ് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ, സതേൺ റെയിൽവേ ജനറൽ മാനേജർ, പാലക്കാട്, തിരുവനതപുരം റെയിൽവേ ഡിവിഷണൽ മാനേജർമാർ എന്നിവർക്ക് അദ്ദേഹം കത്തുനൽകി.നിലവിലെ വന്ദേഭാരതിന് യാത്രക്കാരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് എംപി പറഞ്ഞു.
ഇന്ത്യയിലെ മറ്റു റൂട്ടുകളേക്കാൾ വന്ദേഭാരതിന് യാത്രക്കാർ കൂടുതൽ ഇവിടെയാണ്. പുതുതായി അനുവദിച്ച ട്രെയിൻ നിലവിലുള്ളതിന്റെ എതിർദിശയിൽ രാവിലെ മംഗലാപുരത്തുനിന്ന് പുറപ്പെട്ട് കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിർത്തി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയാൽ യാത്രാക്ലേശത്തിന് വലിയ ആശ്വാസമാകും.കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ജനങ്ങൾക്ക് ഇതു പ്രയോജനകരമാകുമെന്നും അദ്ദേഹം അറിയിച്ചു.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ വലിയ വികസനമാണ് നടന്നത്. ആറ് പ്ലാറ്റുഫോമുകളും കോച്ചുകളിൽ വെള്ളംനിറയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കി. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താത്തത് ദൗർഭാഗ്യകരമാണ്. പ്ലാറ്റ്‌ഫോം ടേൺ റൗണ്ട് സംവിധാനത്തിൽ യാത്രാവണ്ടികളുടെ സർവീസ് കോട്ടയത്തുനിന്ന് ആരംഭിക്കാൻ കഴിയുമെന്നും എംപി പറഞ്ഞു.