തിരുവനന്തപുരം > ഓണക്കാലത്ത് ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളിൽ കൂടുതൽ വിറ്റുപോയത് ജവാൻ റം എന്ന് കണക്കുകൾ. പത്തുദിവസംകൊണ്ട് 6.30 ലക്ഷം ലിറ്റർ ജവാനാണ് വിറ്റുപോയത്. സംസ്ഥാന സർക്കാർ ഉൽപാദിപ്പിക്കുന്ന മദ്യം, വിലക്കുറവ് എന്നിവയാണ് ജവാൻ റമ്മിന്റെ പ്രത്യേകതകൾ. പൊതുവേ ജവാന് ആവശ്യക്കാർ കൂടുതലാണ്.
ഓണവിൽപന ലക്ഷ്യമിട്ട് ഉൽപാദനം വർധിപ്പിച്ചിരുന്നു. മറ്റ് ബ്രാൻഡുകൾക്ക് പ്രമോഷൻ നൽകാതെ ജവാന് കൂടുതൽ പ്രചരണം നൽകണമെന്ന് ബെവ്കൊ എം ഡി സർക്കുലറും പുറപ്പെടുവിച്ചിരുന്നു. ഇത്തവണ 10 ദിവസത്തെ ഓണവിൽപനയിലൂടെ 757 കോടി രൂപയാണ് ബെവ്‌കൊയ്‌ക്ക് ലഭിച്ചത്. ഉത്രാടദിനത്തിൽമാത്രം 116 കോടി രൂപയുടെ മദ്യംവിറ്റു. അവിട്ടം ദിനത്തിൽ 91 കോടിയുടെ വിൽപനയും നടത്തി.