തിരുവനന്തപുരം : ഒമിക്രോൺ കോവിഡിൽ ശക്തമായ തൊണ്ടവേദന, ചുമ, പനി എന്നിവയ്ക്ക് അനാവശ്യമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് ഡോ.എ.എസ്. അനൂപ്. വൈറസ് രോഗമായ കോവിഡിൽ ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകളുടെ ആവശ്യമില്ല. കോവിഡിന്റെ തുടക്ക സമയത്ത് അസിത്രോമൈസിൻ, ഡോക്സിസൈക്ലിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചിരുന്നു. പിന്നീടുള്ള പഠനങ്ങളിൽ നിന്ന് ഇത്തരം മരുന്നുകൾ ഗുണം ചെയ്യുന്നില്ല എന്നാണ് മനസ്സിലായത്. അനാവശ്യമായുള്ള ആന്റിബയോട്ടിക് ഉപയോഗം ആന്റിബയോട്ടിക് റസിസ്റ്റൻസ് ഉൾപ്പെടെയുള്ള പല പ്രശ്നങ്ങൾക്കും കാരണമാവാം. രോഗം സ്ഥിരീകരിച്ച പലരും സ്വയം ചികിത്സ ആരംഭിച്ചിരിക്കുകയാണ്. ഗുരുതരമായ ലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്തവർ ശാസ്ത്രീയ അടിത്തറയോടു കൂടിയ ഗാർഹിക ചികിത്സയാണ് സ്വീകരിക്കേണ്ടത്.
മുതിർന്നവർ പാരസെറ്റമോൾ 650mg 4 നേരം വീതം കഴിച്ചിട്ടും പനി നിയന്ത്രണവിധേയമാവുന്നില്ലെങ്കിലോ തുടക്കത്തിലെ നാലു മുതൽ അഞ്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും പനി വിടാതെ നിൽക്കുകയും ചെയ്യുകയാണെങ്കിൽ വൈദ്യസഹായം തേടണം. അമിതഭയം അനാവശ്യ ചികിത്സയ്ക്കുള്ള വഴിയാവരുതെന്നും ഡോക്ടർ സമൂഹമാധ്യമത്തിൽ പറഞ്ഞു.