മലപ്പുറം > വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപിക തൃപ്താ ത്യാഗിക്കെതിരെ നീതിപീഠം സ്വമേധയാ കേസെടുക്കണമെന്ന് കെ ടി ജലീൽ എംഎൽഎ. അവരെ കൽതുറുങ്കിലടക്കണം. അതല്ലെങ്കിൽ ഉത്തരേന്ത്യയിലുടനീളം ഇത്തരം “മുഖത്തടിപ്പിക്കൽ” ആവർത്തിക്കപ്പെടുമെന്നും ജലീൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.”ഒരു ജനപ്രതിനിധി എന്നത് പോലെ ഞാനൊരു അധ്യാപകനും കൂടിയാണ്. എങ്ങനെയാണ് മതം നോക്കി കുട്ടികളെ വേർതിരിച്ചു കാണാൻ ഒരു ടീച്ചർക്ക് കഴിയുക? അവരിൽ ഒരാളെ മാറ്റി നിർത്തി ഇതരമതക്കാരായ കുട്ടികളെക്കൊണ്ട് അവനെ തല്ലിക്കാനും അതുകണ്ട് ആനന്ദിക്കാനും തൃപ്താ ത്യാഗി എന്ന മതഭ്രാന്തിയായ “യക്ഷി”ക്ക് എങ്ങിനെ സാധിച്ചു? അവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ട് കേസെടുത്ത് ജയിലിലടക്കേണ്ടതിന് പകരം അധികാരികൾ മൗനമവലംബിക്കുന്നത് എത്രമാത്രം കുറ്റകരമാണ്? മുസ്ലിങ്ങൾ അടിച്ചോടിക്കപ്പെടേണ്ടവരും മറ്റുള്ളവരുടെ തല്ലുകൊള്ളേണ്ടവരുമാണെന്ന വിഷചിന്ത ഭൂരിപക്ഷ മതവിഭാഗത്തിൻ്റെ മനസ്സിലേക്ക് കുത്തിക്കയറ്റാനാണ് യു.പിയിലെ “കാട്ടാളത്തി” ശ്രമിച്ചത്’ ജലീൽ പറഞ്ഞു.