കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണ സംഘം പുതുക്കിയ പ്രതിപട്ടിക ഇന്ന് കോടതിയിൽ സമർപ്പിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർ, രണ്ടു നഴ്‌സുമാർ എന്നിവരാണ് പ്രതി പട്ടികയിൽ ഉള്ളത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്.
ഹർഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതിച്ചേർത്തിരുന്ന മെഡിക്കൽ കോളേജ് ഐ എം സി എച് മുൻ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ടും ഇന്ന് കുന്നമംഗലം കോടതിയിൽ സമർപ്പിക്കും. മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും. ഇതിനു ശേഷം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
കോഴിക്കോട് സ്വദേശിയായ ഹര്‍ഷിനയുടെ വയറ്റില്‍ പ്രവസ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയാ ഉപകരണം കുടങ്ങിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ വേഗത്തിലാക്കുകയാണ് പൊലീസ്. പ്രതികളായ നാലു പേരേയും നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ഈ കേസിൽ അതിവേഗ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ് സംഘം.