തിരുവനന്തപുരം: സംസ്ഥാനത്ത് പല ഇടങ്ങളിലും ഭേദപ്പെട്ട് മഴലഭിക്കാൻ സാധ്യത. ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി തലസ്ഥാനത്തുൾപ്പെടെ തെക്കൻ കേരളത്തിൽ മഴ ലഭിച്ചിരുന്നു. അതേസമയം, ഓഗസ്റ്റിന് പിന്നാലെ സെപ്റ്റംബറിൽ കേരളത്തിൽ മഴ സാധ്യത വളരെ കുറവെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സെപ്റ്റംബർ മാസത്തെ പ്രവചന പ്രകാരം കേരളത്തിൽ സാധാരണ /സാധാരണയിൽ കുറവ് മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഭൂരിഭാഗം മേഖലയിലും സാധാരണ സെപ്റ്റംബറിൽ ലഭിക്കേണ്ട മഴയെക്കാൾ കുറവ് ലഭിക്കാനാണ് സാധ്യത.
ഒറ്റപ്പെട്ട ചില മേഖലയിൽ സാധാരണ മഴ ലഭിക്കാനുള്ള സൂചനയും കാലാവസ്ഥ വിഭാഗം നൽകുന്നുണ്ട്. അതേസമയം, ഔദ്യോഗികമായി 122 ദിവസം നീണ്ടു നിൽക്കുന്ന കാലവർഷം 92 ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവാണ് വന്നിട്ടുള്ളത്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1746.9 എംഎം ആണ്. എന്നാൽ, ഇതുവരെ ലഭിച്ചത് 911.6 എംഎം മഴ മാത്രമാണ്.
എല്ലാ ജില്ലകളിലും സാധാരണയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഇടുക്കി ( -62%), വയനാട് ( -58%), കോഴിക്കോട് ( -56%), പാലക്കാട് ( -54%) കോട്ടയം ( -53%) തൃശൂർ (-52%) എന്നിങ്ങനെയാണ് കണക്കുകൾ. മൂന്ന് മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ( 1728.3 mm) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ ( 2576.8 mm) 33 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.
ജൂണിൽ ശരാശരി 648.3 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് ലഭിച്ചത് 260.3 എംഎം മഴ മാത്രമാണ്. 60 ശതമാനമാണ് കുറവ്. ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈ കേരളത്തിൽ മെച്ചപ്പെട്ട മഴ ലഭിച്ചു. 653. 5 എംഎം ലഭിക്കേണ്ട ജൂലൈ മാസത്തിൽ ലഭിച്ചത് 592 എംഎം മഴയാണ്. ഒമ്പത് ശതമാനത്തിന്റെ കുറവാണ് വന്നത്. 123 വർഷത്തെ ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് എന്ന റെക്കോർഡുമായാണ് ഓഗസ്റ്റ് മാസം അവസാനിച്ചത്.