കൊച്ചി: താനൂർ ലഹരി കേസില്‍ പ്രതിക്ക് ജയിലില്‍ മര്‍ദനമേറ്റെന്ന് ആരോപിച്ച് പിതാവ് ഹൈക്കോടതിയെ സമീപിച്ചു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതി മന്‍സൂറിന്റെ പിതാവാണ് മകന് ക്രൂരമായി മര്‍ദനമേറ്റെന്ന് കാണിച്ച് ഹര്‍ജി നല്‍കിയത്. കള്ള മൊഴിയില്‍ ഒപ്പു വെയ്ക്കാന്‍ ആവശ്യപ്പെട്ടാണ് മര്‍ദിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് പിതാവിന്റെ ആവശ്യം. താനൂര്‍ ലഹരിക്കേസില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയോടൊപ്പം അറസ്റ്റിലായ ആളാണ് മന്‍സൂര്‍. താമിര്‍ ജിഫ്രിയുടെ മരണം പൊലീസിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണെന്ന ആരോപണങ്ങളും അതേ തുടര്‍ന്നുള്ള വിവാദങ്ങളും നിലനില്‍ക്കുമ്പോഴാണ് താമിറിനൊപ്പം അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മന്‍സൂറിന് ജയിലില്‍ വെച്ച് ക്രൂര മര്‍ദനമേറ്റെന്ന ആരോപണം കൂടി പുറത്തുവരുന്നത്.
മന്‍സൂറിന്റെ പിതാവ് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ ഇല്ലാത്ത കുറ്റസമ്മതം നടത്താനും കള്ളമൊഴി നല്‍കാനും വലിയ മര്‍ദനമാണ് ഏല്‍ക്കേണ്ടി വരുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. നേരത്തെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് വലിയ മര്‍ദനത്തിന് ഇരയായി ഇപ്പോള്‍ ജയിലിലും മര്‍ദനം തുടരുന്നു. കള്ളമൊഴില്‍ ഒപ്പ് വെയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് പരാതിയില്‍ പറയുന്നു.
മകന്റെ ശരീരത്തില്‍ മുഴുവന്‍ പരിക്കുണ്ടെന്നും ഇത് സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സ്വീകരിക്കാനോ അന്വേഷണം നടത്താനോ തയ്യാറായില്ലെന്നും അതുകൊണ്ട് കോടതി ഇക്കാര്യം അന്വേഷിക്കണമെന്നും മകന് ചികിത്സ ലഭ്യമാക്കണമെന്നും മന്‍സൂറിന്റെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കേസ് പരിഗണിച്ച ഹൈക്കോടതി സംസ്ഥാന ജയില്‍ മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഇത് കിട്ടിയ ശേഷം കോടതി തുടര്‍ തീരുമാനമെടുക്കും.