തിരുവനന്തപുരം: ശനിയാഴ്ച ഓണാഘോഷം സമാപിക്കാനിരിക്കെ പത്ത് ദിവസത്തിനുള്ളിൽ കേരളത്തിൽ വിറ്റഴിച്ചത് 759 കോടിയുടെ മദ്യം. 600 കോടി ചെലവിൽ പൂർത്തിയാക്കിയ രാജ്യത്തിന്‍റെ ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ തുകയേക്കാൾ കൂടുതലാണിത്.കഴിഞ്ഞ വർഷത്തേക്കാൾ 57 കോടി രൂപയുടെ അധികവിൽപനയാണ് ഇക്കുറി കേരളത്തിലുണ്ടായത്. ഉത്രാടത്തിന് വൈകുന്നേരമാണ് ഏറ്റവും കൂടുതൽ വിൽപന നടന്നതെന്നാണ് ബെവ്കോയുടെ പ്രതികരണം. 116 കോടി രൂപയുടെ വിൽപനയാണ് ഉത്രാടത്തിൽ മാത്രം നടന്നത്. ഇക്കുറിയും ജവാൻ റം തന്നെയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡ്. പത്ത് ദിവസത്തിനുള്ളിൽ 70000 കെയ്സുകളാണ് വിറ്റഴിച്ചത്. തിരൂർ ആണ് മദ്യവിൽപനയിൽ ഒന്നാം സ്ഥാനക്കാരൻ. ഉത്രാടത്തിന് 116 കോടി രൂപയുടെ കച്ചവടമാണ് തിരൂരിൽ നചന്നത്. അവിട്ട ദിനത്തിൽ ഇത് 91 കോടിയായിരുന്നു. ഇരിങ്ങാലക്കുടയാണ് രണ്ടാം സ്ഥാനത്ത്.ഇക്കുറി ഓണത്തിന് 675 കോടി രൂപയാണ് നികുതിയിനത്തിൽ സർക്കാരിന്‍റെ ഖജനാവിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം ബെവ്കോയുടെ മദ്യവിൽപന 700 കോടിയായിരുന്നു.