കോട്ടയം : സംസ്ഥാനത്തെ റബർ കർഷകരെയും റബർ വ്യവസായത്തേയും സംരക്ഷിക്കാനായി കേരള സർക്കാരിന്റെ പുതിയ പദ്ധതി കേരള റബ്ബർ ലിമിറ്റഡ്. കേരളത്തെ റബർ വ്യവസായത്തിൻ്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 1050 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി ആരംഭിക്കുന്നത്. കോട്ടയം ജില്ലയിൽ വെള്ളൂരിൽ 164 ഏക്കറിലാണ് കമ്പനി സ്ഥാപിക്കുന്നത്. കമ്പനിയുടെ പൈലിങ്ങ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പ്രഖ്യാപിച്ച് വളരെ പെട്ടെന്നുതന്നെ കമ്പനിയുടെ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കാൻ സർക്കാരിന് സാധിച്ചെന്നും മന്ത്രി ഫെയ്സ്ബുക്കിൽ പറഞ്ഞു.
കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരുകൾ കൊണ്ടുവന്ന വിവിധ നയങ്ങൾ നിരവധി റബ്ബർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടപ്പോഴും റബ്ബർ കർഷകരെയും റബ്ബർ വ്യവസായത്തേയും സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്. 40 ഏക്കറിൽ നിർമ്മാണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ടെന്റർ നടപടികളും ഉടൻ കൈക്കൊള്ളും.
3 വർഷത്തിനുള്ളിൽ പദ്ധതി സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിലൂടെ കേരളത്തിൽ പ്രകൃതിദത്ത റബ്ബറധിഷ്ഠിത വ്യവസായങ്ങൾക്കുള്ള സാഹചര്യമൊരുക്കാൻ സാധിക്കും. ഉത്പാദന രംഗത്ത് കൂടുതൽ സഹായം നൽകും. റബ്ബർ മേഖലയിൽ കർഷകർക്ക് കൂടുതൽ നേട്ടം ലഭിക്കുന്നതിന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സൗകര്യമൊരുക്കും. ഈ മേഖലയിൽ ടയർ ടെസ്റ്റിംഗ്, ക്വാളിറ്റി സർട്ടിഫിക്കേഷൻ സംവിധാനങ്ങളും നടപ്പിലാക്കും. റബ്ബർ അധിഷ്ഠിത ഫോറങ്ങളെയും കമ്പനിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാന സർക്കാർ ലേലത്തിൽ പങ്കെടുത്ത് ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡിൻ്റെ ഭൂമിയിലാണ് കേരള റബ്ബർ ലിമിറ്റഡ് ആരംഭിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ റബ്ബർ കർഷകർക്ക് പുത്തനുണർവ്വ് നൽകുന്നതിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.