പാലക്കാട്: ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് കൈമാറി. കഴിഞ്ഞ ദിവസം രാത്രി 8.42നാണ് ട്രെയിൻ, ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ട്ടറിക്ക് പുറത്തെത്തിയത്. പാലക്കാട് ഡിവിഷനിൽ നിന്നെത്തിയ എഞ്ചിനീയർമാർക്കാണ് ട്രെയിൻ കൈമാറിയത്. ട്രെയിൻ നാളെ മംഗലാപുരത്ത് എത്തിയേക്കും. കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ആയി ഈ ട്രെയിൻ അനുവദിക്കുമെന്നാണ് സൂചന. മംഗലാപുരം- എറണാകുളം റൂട്ടിൽ സർവീസിന് തയാറെടുക്കാൻ പാലക്കാട് ഡിവിഷന് നേരത്തെ നിർദേശം നൽകിയിരുന്നു. മംഗലാപുര -കോട്ടയം, മംഗലാപുരം-കോയമ്പത്തൂർ, മംഗലാപുരം-ഗോവ റൂട്ടുകളും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ റെയിൽവേ ബോർഡ് തീരുമാനം ഒരാഴ്ചക്കുള്ളിലുണ്ടാകും.
ഏതാണ്ട് 12 മണിയോടെ എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും ക്രമീകരണമെന്നാണ് അറിയുന്നത്. അതിന് ശേഷം ഉച്ചക്ക് ശേഷം എറണാകുളത്ത് നിന്ന് തിരിച്ച് വൈകിട്ട് ഏഴ് മണിയോടെ തിരികെ മംഗലാപുരത്ത് എത്തിച്ചേരും. അതേ സമയം ഔദ്യോഗികമായ അറിയിപ്പ് ഇക്കാര്യത്തില്‍ ലഭ്യമാകേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡിസൈന്‍ മാറ്റം വരുത്തിയ ആദ്യ റേക്ക് തന്നെ കേരളത്തിന് അനുവദിക്കുന്നു എന്നുള്ളതാണ്. ഓറഞ്ച് നിറത്തിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ റേക്ക് തന്നെ ഓണസമ്മാനമായി കേരളത്തിന് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിക്കുമെന്ന് കഴിഞ്ഞ മാസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചന നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് സ്ഥിരീകരണമെന്ന നിലയിലുള്ള അറിയിപ്പുകള്‍ പുറത്തു വരുന്നത്.