ആലപ്പുഴ∙ പട്ടം പറപ്പിക്കാൻ കെട്ടിയ നൈലോൺ നൂലിൽ കുടുങ്ങിയ കാക്കയെ രക്ഷിച്ച് അഗ്നിരക്ഷാസേന. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ ചാത്തനാട് ശ്മശാനത്തിന് സമീപം ആണ് വൈദ്യുതി ലൈനിൽ ചുറ്റിയ നൈലോൺ നൂലിൽ കാക്ക കുടുങ്ങിയത്. കുട്ടികൾ കയറ്റിയ പട്ടം പൊട്ടി അതിന്റെ നൂൽ വൈദ്യുതി ലൈനിൽ കുരുങ്ങി കിടന്നു. ഇതോടൊപ്പം പട്ടം നിർമിക്കാൻ ഉപയോഗിച്ച അലുമിനിയം ഫോയിലും തൂങ്ങി കിടന്നു. അലുമിനിയം ഫോയിലിൽ ആകർഷിച്ചു വന്നാണ് കാക്ക നൈലോൺ നൂലിൽ കുടുങ്ങിയത്.
നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടു കഴിയാതെ വന്നപ്പോൾ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഗ്രേഡ് സി.ആർ.അനിൽകുമാർ, ഫയർ ഓഫിസർമാരായ എസ്.സനൽകുമാർ, ഡ്രൈവർമാരായ ആർ.മഹേഷ്, വി.വിപിൻ രാജ്, വി.വിനീഷ് എന്നിവരാണ് കാക്കയെ രക്ഷിച്ചത്.
നൈലോൺ നൂലും അലുമിനിയം ഫോയിലും ഉപയോഗിച്ച് പട്ടം നിർമിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിപണിയിൽ ഇറങ്ങുന്നത് അധികവും ഇതാണ്. ചാത്തനാട് കൂടാതെ നഗരത്തിൽ പലയിടങ്ങളിൽ നിന്നും പട്ടത്തിന്റെ നൂലിൽ കാക്ക കുടുങ്ങിയതായി വിവരം ലഭിച്ചെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.