അനന്ത്നാഗ്: കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് അനന്ത്നാഗിലെ ഗവ. മെഡിക്കൽ കോളജിലെ നാൽപതോളം ജൂനിയർ റസിഡന്റ് ഡോക്ടർമാർ പ്രക്ഷോഭത്തിനിറങ്ങുന്നു. ശമ്പളമില്ലാതെ വലഞ്ഞ ഡോക്ടർമാർ ആശുപത്രി പരിസരത്ത് പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചു. മാർച്ചിലെ സ്റ്റൈപ്പൻഡ് മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഇവർ ആരോപിച്ചു.മുടങ്ങിയ ശമ്പളം അനുവദിക്കാൻ വിവിധ ഉദ്യോഗസ്ഥരെ നിരവധി തവണ സമീപിച്ചിട്ടും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കോളജ് പ്രിൻസിപ്പൽ, കമ്മീഷണർ, ഹെൽത്ത് സെക്രട്ടറി എന്നിവരെ തങ്ങൾ പലതവണ കണ്ടതായി ജി.എം.സി അനന്ത്നാഗിലെ ഡോക്ടർ നിതിൻ പറഞ്ഞു. “കഴിഞ്ഞ കുറേ മാസങ്ങളായി ഉദ്യോഗസ്ഥർ പൊള്ളയായ വാഗ്ദാനങ്ങളാണ് നൽകുന്നത്. ഓരോ തവണയും ഞങ്ങൾ പ്രശ്നം ഉന്നയിക്കുമ്പോൾ ഒരാഴ്ചക്കകം ശമ്പളം നൽകുമെന്ന് ഉറപ്പുനൽകും. ഇപ്പോൾ നീട്ടി നീട്ടി അഞ്ച് മാസമായി. ഞങ്ങൾ പ്രതിഷേധിക്കാൻ നിർബന്ധിതരാവുകയാണ്’ -നിതിൻ പറഞ്ഞു. രോഗികളുടെ പരിചരണം ഓർത്താണ് കഴിഞ്ഞ അഞ്ച് മാസമായി സമരം വൈകിപ്പിച്ചതെന്നും എന്നാൽ ഉദ്യോഗസ്ഥർ തങ്ങളുടെ ആവശ്യം ഗൗനിക്കാത്തതിനാൽ പ്രതിഷേധവുമായി ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
“വീട്ടുവാടക നൽകാനോ ഭക്ഷണത്തിനോ ഇപ്പോൾ പണമില്ല. ഞങ്ങൾ വളരെ ദൂരെ നിന്ന് വന്നവരാണ്. പഠനത്തിനായി ഇത്രയധികം ചെലവഴിച്ച മാതാപിതാക്കളോട് ഇനിയും ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പണം തേടേണ്ടിവരുന്നത് നിർഭാഗ്യകരമാണ്” -മഹാരാഷ്ട്ര സ്വദേശിയായ ഡോക്ടർ സംഗ്രാം പറഞ്ഞു.
അതേസമയം, വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. “കഴിഞ്ഞ ഒക്ടോബറിലാണ് ആശുപത്രി ബജറ്റ് തയ്യാറാക്കിയത്. ജൂനിയർ റസിഡന്റ് ഡോക്ടർമാർ നവംബറിലണ് പ്രവേശനം നേടിയത്. ഇതാണ് പ്രതിസന്ധിക്ക് കാരണം. രണ്ടു മാസത്തിനകം ശമ്പളം നൽകും’ -ഉദ്യോഗസ്ഥർ പറഞ്ഞു.