ജയ്പൂർ: രാജ്യത്തെ നടുക്കിയ സംഭവത്തിൽ ഇരയായ യുവതിക്ക് 10 ലക്ഷം രൂപയും സർക്കാർ ജോലിയും പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാനിൽ ഭർത്താവും ബന്ധുക്കളും മർദിച്ച് നഗ്നയാക്കി പൊതുജന മധ്യത്തിലൂടെ നടത്തിയ ആദിവാസി യുവതിക്കാണ് മുഖ്യമന്ത്രി സർക്കാർ ജോലിയും 10 ലക്ഷം രൂപയും നൽകുമെന്ന് പ്രഖ്യാപിച്ചത്. അക്രമത്തിന് ഇരയായ യുവതിയെയും കുടുംബത്തെയും സന്ദർശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഇത്തരം ക്രിമിനലുകൾക്കും സംഭവങ്ങൾക്കും പരിഷ്കൃത സമൂഹത്തിൽ സ്ഥാനവുമില്ലെന്നും മനുഷ്യത്വ രഹിതമായ ഇത്തരം പ്രവൃത്തികളെ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ അതിവേഗ കോടതിയിൽ വിചാരണ ചെയ്ത് കർശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ പ്രതാപ്ഗർ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. ഭർത്താവും ബന്ധുക്കളും ചേർന്നാണ് ഇരുപത്തിയൊന്നുകാരിയായ യുവതിയെ നഗ്നയാക്കി നടത്തിച്ചത്.
യുവതി മറ്റൊരു യുവാവിനൊപ്പം താമസിച്ചു എന്ന കാരണത്താലാണ് ക്രൂരത കാട്ടിയത്. സംഭവത്തിൽ പത്തുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു. യുവതി ഭർത്താവിനെ വിട്ട് മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നുവെന്നും അവിടെനിന്നു ഭർത്താവും ബന്ധുക്കളും ബലമായി കൊണ്ടുവന്ന് നഗ്നയാക്കി നാട്ടുകാർക്ക് മുന്നിലൂടെ നടത്തിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.