ന്യൂഡൽഹി: ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന അവസ്ഥയിലാണ് ബി.ജെ.പി നേതാക്കളായ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും. തെരഞ്ഞെടുപ്പ് അനുബന്ധിച്ച് ജനങ്ങൾക്ക് സൗജന്യം പ്രഖ്യാപിക്കുന്നതിനെതിരെ മനോഹർ ലാൽ ഖട്ടർ നടത്തിയ ട്വീറ്റ് ലക്ഷ്യമിട്ടത് ആം ആദ്മി പാർട്ടിയെ ആയിരുന്നെങ്കിലും ശിവരാജ് സിങ് ചൗഹാനെയാണ് പരിക്കേൽപിച്ചത്.ഇന്നലെ വൈകീട്ട് 7.55നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ട്വീറ്റ് ചെയ്തത്. ‘ഇത് സൗജന്യമായി നേടൂ, അത് സൗജന്യമായി നേടൂ എന്നിങ്ങനെ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന നിരവധി പാർട്ടികളുണ്ട്… ജനങ്ങളിൽ സൗജന്യം വാങ്ങുന്ന ശീലം വളർത്തിയെടുക്കുന്നതിനുപകരം, ജോലി ചെയ്ത് വ്യക്തിയുടെ ആവശ്യങ്ങൾ നിറവേറ്റുക, അവന്റെ കഴിവുകൾ വർധിപ്പിക്കുക, അവനെ വികസിപ്പിക്കുക എന്നതാണ് നമ്മുടെ സർക്കാരിന്റെ മുൻഗണന’ എന്നായിരുന്നു ഖട്ടറിന്റെ ട്വീറ്റ്.
എന്നാൽ, ഇതിന് 40 മിനിറ്റ് മുമ്പ് 7.15ന് മധ്യപ്രദേശിലെ ബി.ജെ.പി മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാൻ നടത്തിയ ട്വീറ്റാവട്ടെ, തന്റെ സർക്കാർ വനിതകൾക്ക് നൽകുന്ന സൗജന്യത്തെ കുറിച്ചായിരുന്നു. ‘ശ്രാവണത്തിന് 3 ദിവസം മുമ്പ് ഞാൻ 250 രൂപ വീതം ഞാൻ നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. സെപ്റ്റംബർ 10ന് ഞാൻ 1000 രൂപ കൂടി നൽകും. കൂടാതെ, ഒക്ടോബർ മുതൽ എല്ലാ മാസവും 1250 നൽകും. സഹോദരിമാരേ, നിങ്ങളുടെ സഹോദരൻ ഇവിടെ നിർത്തില്ല, ഞാൻ അത് ക്രമേണ 3,000 രൂപയാക്കി ഉയർത്തും’ എന്നായിരുന്നു ചൗഹാന്റെ അറിയിപ്പ്.
രണ്ട് ബി.ജെ.പി മുഖ്യമന്ത്രിമാരുടെ പരസ്പര വിരുദ്ധമായ ട്വീറ്റുകൾ മിനിറ്റുകൾ വ്യത്യാസത്തിൽ പുറത്തുവന്നതോടെ നെറ്റിസൺസ് ട്രോളുകൾ പുറത്തിറക്കി. മധ്യപ്രദേശ് ബി.ജെ.പി മുഖ്യമന്ത്രിക്കുള്ള ഉപദേശമാണ് ഹരിയാന ബി.ജെ.പി മുഖ്യമന്ത്രി നടത്തിയത് എന്നായിരുന്നു വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ പരിഹാസം. ഇരുമുഖ്യമന്ത്രിമാരുടെയും ട്വീറ്റുകൾ ഒരുമിച്ച് ചേർത്തുള്ള സ്ക്രീൻഷോട്ടും ഇതോടൊപ്പം പങ്കുവെച്ചിരുന്നു.
അതേസമയം, ഖട്ടറിന് വായടപ്പൻ മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. ആം ആദ്മി പാർട്ടിയുടെ സൗജന്യങ്ങളുടെ ഗുണം ഹരിയാനക്കാർക്കും ഉടൻ ലഭിക്കുമെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘ഖട്ടർ സാഹബ്! ഡൽഹിയിൽ ഞങ്ങൾ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും സൗജന്യമായി നൽകുന്നു. ഞങ്ങൾ രാപ്പകലില്ലാതെ വൈദ്യുതിയും വെള്ളവും നൽകുന്നു. ഞങ്ങൾ പഞ്ചാബിലും ഈ സൗകര്യങ്ങൾ ആരംഭിച്ചു. പൊതുജനങ്ങൾ ഞങ്ങളിൽ സന്തുഷ്ടരാണ്. താമസിയാതെ, ഹരിയാനയിലെ ജനങ്ങൾക്കും സൗജന്യങ്ങളുടെ പ്രയോജനം ലഭിക്കും’ -എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.