മട്ടന്നൂർ : കണ്ണൂർ വിമാനത്താവളംവഴി കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ കടത്താൻ ശ്രമിച്ചത് 180 കിലോയോളം സ്വർണം. ഈമാസം മാത്രം അഞ്ച് കിലോ സ്വർണം പിടികൂടി. വെള്ളിയാഴ്ച പുലർച്ചെ ദുബായിൽനിന്ന് ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ കാസർക്കോട് പെരിങ്ങളം സ്വദേശി അഹമ്മദിൽനിന്നാണ് സ്വർണം പിടികൂടിയത്. 34 ലക്ഷം രൂപ വിലവരുന്ന 704 ഗ്രാം സ്വർണമാണ് പിടിച്ചത്. ഡിസംബറിൽ ഒമ്പതുപേരിൽനിന്നായി മൂന്നരക്കോടി രൂപയുടെ സ്വർണവും പിടിച്ചു. ഈമാസം ഇതുവരെയായി ആറുപേരെയും അറസ്റ്റ് ചെയ്തു. ഒരുകോടി രൂപയിൽ താഴെ വിലയുള്ള സ്വർണം പിടികൂടിയാൽ കസ്റ്റംസ് തന്നെ ജാമ്യം നൽകും. ഇത് കണക്കുകൂട്ടിയാണ് മിക്ക സംഘങ്ങളും സ്വർണം കടത്തുന്നത്. പിടികൂടാതിരിക്കാൻ സ്വർണക്കടത്തിന് പുതിയ മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് കടത്തുകാർ. പാന്റ്സിൽ തേച്ചുപിടിപ്പിച്ച സ്വർണമിശ്രിതമാണ് കഴിഞ്ഞദിവസം പിടികൂടിയത്.
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പിടിയിലായത്. മെറ്റൽ ഡിറ്റക്ടർ വഴിയുള്ള പരിശോധനയിൽ എളുപ്പം പിടികൂടാൻ സാധ്യതകുറവായതിനാലാണ് ഈരീതി സ്വീകരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലും കണ്ണൂരിൽ വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ച സ്വർണം കസ്റ്റംസ് പിടിച്ചിരുന്നു. ചോക്ളേറ്റിനുള്ളിലും പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബ്ബറിനുള്ളിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചിട്ടുണ്ട്. കടലാസ് രൂപത്തിലും റിബണിന്റെ രൂപത്തിലും സ്വർണം പിടികൂടിയിട്ടുണ്ട്. മലദ്വാരത്തിലും വൈദ്യുതോപകരണങ്ങളിലും ഒളിപ്പിച്ച് കടത്തുന്നതാണ് പതിവായ രീതി. വസ്ത്രത്തിൽ ബെൽറ്റിന്റെ ഭാഗത്തും മറ്റും തുന്നിച്ചേർത്തും സ്വർണം കടത്താറുണ്ട്. കണ്ണൂർ, കാസർകോട്, കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലാകുന്നവരിൽ ഏറെയും. കർണാടക, തമിഴ്നാട്, മുംബൈ സ്വദേശികളും പിടിയിലായിട്ടുണ്ട്.
സ്ത്രീകളെയും കുട്ടികളെയും സ്വർണക്കടത്തിന് ഉപയോഗിക്കുന്നതും കൂടിവരികയാണെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. ആർക്കുവേണ്ടിയാണ് സ്വർണം കൊണ്ടുവരുന്നതെന്ന് ഭൂരിഭാഗം കേസുകളിലും പടിയിലാകുന്ന കാരിയർമാർ അറിയാറില്ല. 2018 ഡിസംബർ ഒമ്പതിന് ഉദ്ഘാടനംചെയ്ത കണ്ണൂർ വിമാനത്താവളത്തിൽ 16-ാം ദിവസം തന്നെ ആദ്യ സ്വർണക്കടത്ത് പിടികൂടിയിരുന്നു. രണ്ടുകിലോ സ്വർണവുമായി കതിരൂർ സ്വദേശി പിടിയിലായതാണ് ആദ്യ കേസ്. 2019 ഓഗസ്റ്റ് 19-ന് നാലുപേരിൽനിന്നായി 11.9 കിലോ സ്വർണം പിടിച്ചതാണ് കണ്ണൂർ വിമാനത്താവളത്തിലെ ഏറ്റവുംവലിയ സ്വർണവേട്ട. ആകെ 4.15 കോടി രൂപയുടെ സ്വർണമാണ് അന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡി.ആർ.ഐ. അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് പിരിച്ചുവിടുകയും ചെയ്തു. വിമാനങ്ങളിലും വിമാനത്താവളത്തിലെ ശൗചാലയത്തിലും ഉപേക്ഷിക്കപ്പെട്ടനിലയിൽ പലതവണ സ്വർണം കണ്ടെടുത്തിട്ടുണ്ട്. പിടിയിലാകുമെന്ന് ഉറപ്പാകുമ്പോൾ ഉപേക്ഷിക്കുന്ന സ്വർണമാണിത്.