ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. ഇന്ത്യയെന്നാൽ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ എഴുതി. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയം പഠിക്കാൻ കേന്ദ്ര സർക്കാർ സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ വിമർശനം.മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതി അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരെ കൂടാതെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻ.കെ. സിംഗ്, മുൻ ലോക്‌സഭാ ജനറൽ സെക്രട്ടറി സുബാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ഉന്നതതല സമിതി യോഗങ്ങളിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരിയെ അംഗമായി ഉൾപ്പെടുത്തിയിരുന്നെങ്കിലും സമിതിയിൽ ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഒരു വോട്ടർപട്ടികയും ഒരു തിരിച്ചറിയൽ കാർഡുമുപയോഗിച്ച് ഒരേസമയം ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതിനൊപ്പം തന്നെ മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത് പഠിക്കാനും അതിനാവശ്യമായ ഭരണഘടന-നിയമഭേദഗതികൾ ശിപാർശ ചെയ്യാനുമാണ് സമിതിക്കുള്ള നിർദേശം.