കൊല്ലം: ജീവനൊടുക്കാനൊരുങ്ങിയ യുവതിയെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി ചിതറ പൊലീസ്. മകള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നുവെന്ന വീട്ടമ്മയുടെ ഫോണ്‍ കോള്‍ വന്ന് നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയാണ് യുവതിയെ രക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.ചിതറ സ്റ്റേഷന് അതിര്‍ത്തിയില്‍പ്പെട്ട വളവുപച്ചയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. യുവതിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് മാത്രമാണ് ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതിയെ തുടര്‍ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ചിതറ സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഖിലേഷ് വി.കെ, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയുടെ ജീവന് രക്ഷിച്ചത്.