കോയമ്പത്തൂർ : പ്രധാനമന്ത്രിയുടെ ചിത്രം ടൗൺ പഞ്ചായത്തോഫീസിൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. ബി.ജെ.പി. അസംഘടിത തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം. ഭാസ്കറിനെയാണ് ഞായറാഴ്ചരാത്രി പോലീസ് അറസ്റ്റുചെയ്തത്. കണ്ടാലറിയാവുന്ന പത്തോളം ബി.ജെ.പി. പ്രവർത്തകർക്കെതിരെയും കേസെടുത്തു. കോയമ്പത്തൂർ ജില്ലയിലെ പൂളുവപ്പട്ടി ടൗൺ പഞ്ചായത്തോഫീസിൽ ശനിയാഴ്ചയാണ് സംഭവം. എക്സിക്യുട്ടീവ് ഓഫീസറുടെ മുറിക്കുമുന്നിലായിരുന്നു പ്രധാനമന്ത്രിയുടെ ചിത്രം ആണിയടിച്ച് സ്ഥാപിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ചിത്രം സ്ഥാപിച്ചതിൽ ഉദ്യോഗസ്ഥർ എതിർപ്പ് അറിയിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ചിത്രം ഉള്ളപ്പോൾ പ്രധാനമന്ത്രിയുടെ ചിത്രം വെച്ചാൽ എന്താണ് കുഴപ്പമെന്ന് ചോദിച്ചാണ് ചിത്രം സ്ഥാപിച്ചത്.
പലതവണയായി പ്രധാനമന്ത്രിയുടെ ഫോട്ടോ സ്ഥാപിക്കാൻ പറഞ്ഞെങ്കിലും ഡി.എം.കെ. സർക്കാർ ഭരിക്കുന്ന ടൗൺ പഞ്ചായത്ത് അധികൃതർ സമ്മതിക്കുന്നില്ലെന്നും എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലും പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിക്കുമെന്നും ബി.ജെ.പി. നേതാവ് ഭാസ്കരൻ പറഞ്ഞു. അനുമതിയില്ലാതെ ഓഫീസിൽ കയറിയതിനും മുദ്രാവാക്യം വിളിച്ചതിനും ടൗൺ പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.