തിരുവനന്തപുരം ∙ സോളർ തട്ടിപ്പു കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ സമർപ്പിച്ച റിപ്പോർട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അംഗീകരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ തടസ്സഹർജി അവരുടെ വാദം കേട്ടശേഷം കോടതി തള്ളി. ഉമ്മൻ ചാണ്ടി മരിച്ചതിനാൽ തുടർനടപടിയെല്ലാം കോടതി അവസാനിപ്പിച്ചു. ഇതോടെ, ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിനുമെതിരെ 9 വർഷം സിപിഎം ആയുധമാക്കിയ സോളർ പീഡനക്കേസ് അപ്രസക്തമായി. കേരള പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐയും അന്വേഷിച്ച കേസാണ് അവസാനിച്ചിരിക്കുന്നത്.
ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണങ്ങൾക്കു തെളിവില്ലെന്നും പരാതി കളവാണെന്നും സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെയും അടൂർ പ്രകാശ് എംപിയെയും കോടതി നേരത്തേ കുറ്റവിമുക്തരാക്കിയിരുന്നു. 2012 സെപ്റ്റംബർ 19നു നാലിനു ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ആ ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിൽ പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകി. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേസ് സിബിഐക്കു കൈമാറി. ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി.അനിൽകുമാർ, എ.പി.അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായാണ് അന്വേഷണം നടത്തിയത്. ആർക്കെതിരെയും തെളിവില്ലെന്നു സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി.