തിരുവനന്തപുരം: പരുത്തിപ്പള്ളിയില്‍ 40 കിലോ ചന്ദനം വീട്ടില്‍ സൂക്ഷിച്ചയാള്‍ പിടിയില്‍. പൂവാര്‍ ഉച്ചക്കട സ്വദേശി മണിയനാണ് വനംവകുപ്പിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരുത്തിപ്പള്ളി വനം റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ മണിയന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ചാക്കുകളില്‍ സൂക്ഷിച്ച നിലയായിരുന്നു ചന്ദനം. അഞ്ച് ചന്ദനക്കഷണങ്ങളും രണ്ട് ചാക്കില്‍ ചന്ദന ചീളുകളുമാണ് മണിയന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്ത് എത്തുമ്പോഴും ചന്ദന മരം ചീളുകളാക്കി മാറ്റുകയായിരുന്നു മണിയനെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എവിടെ നിന്നാണ് ചന്ദനം കിട്ടിയതെന്നോ ആര്‍ക്കാണ് കൊടുക്കുന്നതെന്നോ വ്യക്തമായ ഉത്തരം മണിയന്‍ നല്‍കിയിട്ടില്ല. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറയുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചന്ദനം മുറിക്കാന്‍ ഉപയോഗിച്ച കത്തി, കൈവാള്‍ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.