തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരത്തില്‍ തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം…
ഒന്ന്…
നെല്ലിക്ക ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സാണ് നെല്ലിക്ക. ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിന്‍ സി. അതിനാല്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്…
ക്യാരറ്റ് ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ഇ, ബി എന്നിവയുടെയും ആന്റിഓക്‌സിഡന്റുകളുടെയും സ്രോതസ്സാണ് ക്യാരറ്റ്. ഈ ഘടകങ്ങളെല്ലാം മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും അകാലത്തില്‍ മുടി നരയ്ക്കുന്നത് തടയുകയും ചെയ്യുന്നു. അതിനാല്‍ ക്യാരറ്റ് ജ്യൂസും പതിവായി കുടിക്കാം.
മൂന്ന്…
ചീര ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ഇവ തലമുടിയുടെ വളർച്ചയ്ക്ക് സഹായകരമാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍റുകള്‍ മുടി കൊഴിച്ചിലിനെയും തടയും. അതിനാല്‍ ചീര ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.