2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തെ ഉറപ്പായും വിജയിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം മുഴുവൻ മണിപ്പൂരോ ഹരിയാനയോ ആയി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബഹുസ്വരവും വൈവിധ്യപൂർണ്ണവുമായ ഇന്ത്യ രൂപപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.
വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ തുടരുന്ന വംശീയ കലാപങ്ങളും, ഹരിയാനയിൽ നടന്ന മതപരമായ ഘോഷയാത്രയ്ക്ക് ശേഷമുണ്ടായ വർഗീയ കലാപങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിന്റെ വിമർശനം. ഇന്ത്യ മുഴുവൻ മണിപ്പൂരും ഹരിയാനയും ആകുന്നത് തടയാൻ ‘ഇന്ത്യ’ സഖ്യം വിജയിക്കണം. പൊതുമേഖലാ സ്ഥാപനങ്ങൾ വിമാനത്താവളങ്ങൾ തുറമുഖങ്ങൾ എന്നിവ ബിജെപിയുമായി അടുപ്പമുള്ള കോർപ്പറേഷനുകൾക്ക് കൈമാറുകയാണ്. ഭരണ പരാജയം മറച്ചുവെക്കാനാണ് ബിജെപി വർഗീയത പ്രയോഗിക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.
രാജ്യത്തെ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. വാഗ്ദാനം ചെയ്തതുപോലെ 15 ലക്ഷം രൂപ പൗരന്മാരുടെയും അക്കൗണ്ടുകളിൽ നിക്ഷേപിച്ചില്ല, കർഷകരുടെ വരുമാനം ഇരട്ടിയാക്കിയില്ല, പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തെങ്കിലും അതും നടന്നില്ലെന്നും ഡിഎംകെ അധ്യക്ഷൻ കൂടിയായ എം.കെ സ്റ്റാലിൻ പറഞ്ഞു. തന്റെ പോഡ്‌കാസ്റ്റ് പരമ്പരയുടെ ആദ്യ എപ്പിസോഡിലാണ് സ്റ്റാലിൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
അതേസമയം രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. ഇത്തരമൊരു വാഗ്ദാനം മോദി നടത്തിയിട്ടില്ല. പോഡ്‌കാസ്റ്റിലെ അവകാശവാദങ്ങൾ “നുണകൾ” ആണെന്നും പാർട്ടി ആരോപിച്ചു.