കൊച്ചി: കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ. ഞായറാഴ്ചകളിൽ തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ തീയേറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം ഉയർത്തിയിട്ടുണ്ട്. മാളുകൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഇളവുകൾ നൽകിയിട്ടും തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമെന്നാണ് ഹർജിക്കാർ പറയുന്നത്.
50 ശതമാനം ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾ സംബന്ധിച്ച വാർത്തകൾ വനന്നപ്പോൾ തന്നെ ഫിയോക് ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ജില്ലയിലെ തിയേറ്ററിൽ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂർ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാർ പറഞ്ഞു.