കൊല്‍ക്കത്ത: അധ്യാപകര്‍ ശകാരിച്ചതിനു പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂളിന്‍റെ ടെറസില്‍ നിന്ന് ചാടി മരിച്ചു. കൊൽക്കത്തയിലെ കസ്ബയിലാണ് സംഭവം. ഒരു പ്രോജക്‌റ്റ് പൂർത്തിയാക്കാത്തതിന് രണ്ട് അധ്യാപകർ മകനെ സ്‌കൂളിൽ വെച്ച് ശകാരിച്ചെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മകന്‍റെ മരണവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍ എന്തൊക്കെയോ മറച്ചുവെയ്ക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നത്.
അപമാനിക്കപ്പെട്ടെന്ന് തോന്നിയതോടെയാണ് കുട്ടി ടെറസില്‍ നിന്ന് ചാടിയതെന്നാണ് പൊലീസ് പറയുന്നത്. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ പതിനാറുകാരനെ ഉടന്‍ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രസ്താവനയിൽ പറഞ്ഞു- “ഒരു സ്‌കൂളും ഒരിക്കലും കുട്ടികളെ ഉപദ്രവിക്കില്ല. ഞങ്ങളുടേത് ശിശുസൗഹൃദ നിലപാടുള്ള സ്‌കൂളാണ്. സ്കൂളിനെതിരെ ഉയരുന്ന ആരോപണം ശരിയല്ല. അത്തരത്തില്‍ ഒരു അധ്യാപകനും പ്രതികരിക്കില്ല.”
നേരത്തെ കാമ്പസ് ഹോസ്റ്റലിലെ മുതിർന്ന വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനു പിന്നാലെ വിദ്യാർത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവം കൊല്‍ക്കത്തയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ജാദവ്പൂർ സർവകലാശാലയിലെ വിദ്യാർത്ഥി ഹോസ്റ്റലില്‍ നിന്ന് വീണു മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ മാസമാണ്.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സ്വപ്നദീപ് കുണ്ടുവാണ് മരിച്ചത്. കാമ്പസിലെ മുതിർന്ന വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനെ പിന്നാലെയായിരുന്നു സംഭവം. 120 മിനിട്ടോളം വിദ്യാര്‍ഥി ക്രൂരമായി റാഗ് ചെയ്യപ്പെട്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ക്യാമ്പസിലെ പൂര്‍വ വിദ്യാര്‍ത്ഥികളുമുണ്ട്.