താടിയുള്ള പുരുഷന്മാരോട് സ്ത്രീകൾക്ക് കൂടുതൽ ആകർഷണം തോന്നുമെന്ന് പഠനം. താടിയുള്ള പുരുഷന്മാർ ശാരീരികമായും സാമൂഹികമായും കൂടുതൽ ആധിപത്യം കാണിക്കുന്നവരാണ്. അത് ആധിപത്യത്തിന്റെ അടയാളമാണ് . അതുപോലെ തന്നെ താടി പലപ്പോഴും പുരുഷത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഒരു വ്യക്തിയുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതിനാലൊക്കെ സ്ത്രീകൾക്ക് താടിയുള്ള പുരുഷനോട് കൂടുതൽ ആകർഷണം തോന്നുന്നു എന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
യുഎസ് ആസ്ഥാനമായുള്ള പുരുഷന്മാരുടെ ഗ്രൂമിംഗ് ഉൽപ്പന്ന നിർമ്മാതാക്കളിൽ പ്രശസ്തരായ ബോസ്മാനാണ് പഠനം നടത്തിയത്. അവർ പറയുന്നതനുസരിച്ച്, മുഖത്തിന്റെ സവിശേഷതകൾ എടുത്തു കാണിക്കുന്നതിനും മുഖത്ത് എന്തെങ്കിലും പാടുകളുണ്ടെങ്കിൽ അത് മറയ്ക്കാനും സിനിമാതാരങ്ങളെ ഓർമ്മിപ്പിക്കുന്ന രൂപം നൽകാനും താടി സഹായിക്കുമെന്ന് കരുതപ്പെടുന്നു. താടിയുള്ള പുരുഷന്മാർ കൂടുതൽ പക്വതയുള്ളവരായി തോന്നിക്കുന്നു. അതും സ്ത്രീകൾക്ക് അവരോട് കൂടുതൽ ആകർഷണം തോന്നാൻ കാരണമായിത്തീരുന്നു എന്നാണ് പഠനത്തിൽ പറയുന്നത്.
2020 -ലാണ്, ബാർണബി ജെ. ഡിക്‌സണും റോബർട്ട് സി ബ്രൂക്‌സും ചേർന്ന് പ്രസ്തുത പഠനം നടത്തിയത്. ഇത് പ്രകാരം, താടിയുള്ള പുരുഷന്മാരെ കൂടുതൽ ആരോഗ്യമുള്ളവരായും ആകർഷകമായവരുമായി സ്ത്രീകൾ കണക്കാക്കുന്നു എന്ന് കണ്ടെത്തി. 2016 -ൽ എവല്യൂഷണറി ബയോളജിയിലും സമാനമായ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പറയുന്നത് 8,500 സ്ത്രീകൾ താടിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്തു എന്നാണ്. പ്രണയബന്ധങ്ങളിലായാലും കൂടുതൽ സ്ത്രീകൾ പലപ്പോഴും താടിയുള്ള പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നത് എന്നും കരുതപ്പെടുന്നു.
ഏതൊരു ബന്ധമാണെങ്കിലും ആളുകൾ തിരയുന്നത് ആത്മവിശ്വാസവും പക്വതയുമാണ്, ആ പക്വത താടിവച്ച പുരുഷന്മാരിൽ ഉണ്ട് എന്നാണ് സ്ത്രീകൾ വിശ്വസിക്കുന്നത്. ഏറിയ പങ്ക് സ്ത്രീകളും താടി പുരുഷത്വത്തിന്റെ ലക്ഷണമായി കാണുന്നു. അതിനാലാണ് അവർ താടിയുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുന്നത് എന്നും പഠനം പറയുന്നു.
എന്തുതന്നെ ആയാലും ആകർഷണം എന്നത് തികച്ചും സ്വകാര്യമായ ഒന്നാണ്. അതിനാൽ തന്നെ ഓരോരുത്തരിലും ഇത് തികച്ചും വ്യത്യസ്തമായിരിക്കാം എന്ന കാര്യത്തിൽ സംശയമില്ല.