തിരുവനന്തപുരം : ക്രൊയേഷ്യ വിട്ട ഇന്ത്യൻ താരം സന്ദേശ് ജിങ്കൻ എടികെ മോഹൻബഗാനിലേക്ക് തിരികെയെത്തി. താരം എടികെ മോഹൻബഗാനൊപ്പം പരിശീലനം ആരംഭിച്ചു. ഇന്ത്യയിലെത്തിയതിനു പിന്നാലെ കൊവിഡ് പോസിറ്റീവായ ജിങ്കൻ കഴിഞ്ഞ രണ്ട് ആഴ്ചകളായ ഐസൊലേഷനിലായിരുന്നു. ഇന്നാണ് താരത്തിൻ്റെ ഐസൊലേഷൻ അവസാനിച്ചത്. എടികെയുടെ അടുത്ത മത്സരം മുതൽ ജിങ്കൻ കളത്തിലിറങ്ങും.
2021 ഓഗസ്റ്റിൽ ക്രൊയേഷ്യൻ ഒന്നാം നിര ക്ലബായ എച്ച്എൻകെ സിബെനിക്കുമായി കരാറൊപ്പിട്ട ജിങ്കൻ ക്ലബിനായി അരങ്ങേറിയില്ല. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം വലഞ്ഞ താരം പിന്നീട് പഴയ ക്ലബിലേക്ക് തന്നെ മടങ്ങുകയായിരുന്നു. സിബെനിക്കിൽ നിന്ന് അഞ്ച് മാസത്തെ വായ്പാടിസ്ഥാനത്തിലാണ് ജിങ്കൻ തിരികെ എത്തിയത്. 2020 ൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് റെക്കോർഡ് തുകക്ക് എടികെ മോഹൻ ബഗാനിലെത്തിയ താരം കഴിഞ്ഞ വർഷമാണ് സിബെനിക്കിലേക്ക് ചേക്കേറിയത്. ഒരു വർഷത്തേക്കാണ് ജിങ്കനുമായി സിബെനിക്ക് കരാർ ഒപ്പിട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനും സാധിക്കും.