ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധർമ്മ പരാമർശം വിവാദത്തിലായിരിക്കുകയാണ്. ഉദയനിധിയുടെ സനാതന ധർമ പരാമർശത്തെ തുടർന്ന് ഇന്ത്യ മുന്നണിയുടെ വോട്ടുവിഹിതത്തിൽ 5 ശതമാനം ഇടിവുണ്ടായെന്ന് ബിജെപി നേതാവ് കെ.അണ്ണാമലൈയുടെ വിമർശനം. ലോക്സഭ തെരെഞ്ഞെടുപ്പോടെ മുന്നണി തകരുമെന്നും അണ്ണാമലൈ പറഞ്ഞു.
അതേ സമയം, ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്.. മമതയടക്കം നേതാക്കൾ ഉദയനിധിയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയെന്ന ആരോപണമാണ് സമാജ് വാദി പാര്‍ട്ടി ഉയര്‍ത്തിയത്. വിഷയം ദേശീയ തലത്തിൽ ചര്‍ച്ചയായതോടെയാണ് ഉദയനിധി സ്റ്റാലിനെ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയടക്കം രംഗത്തെത്തിയത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം.
രാഷ്ട്രീയത്തിൽ ഉദയനിധി ജൂനിയറായതിനാല്‍ ഇക്കാര്യങ്ങളില്‍ അറിവുണ്ടാകില്ല. ഏത് സാഹചര്യത്തിലാണ് സനാതന ധർമവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം ഉണ്ടായതെന്ന് അറിയില്ല. എന്നിരുന്നാലും എല്ലാ മതത്തെയും ബഹുമാനിക്കേണ്ടതുണ്ടെന്നും സനാതന ധർമ്മത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും മമത ബാനര്‍ജി വിശദീകരിച്ചു. സ്റ്റാലിനോടും ദക്ഷിണേന്ത്യയോടും തനിക്ക് ബഹുമാനമാണെന്നും മമത പറഞ്ഞു.
ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ ശിവസേന ഉദ്ദവ് വിഭാഗവും രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ അടിസ്ഥാനം സനാതന ധർമ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.