മഞ്ചേരി: പത്തുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ കേസിൽ പ്രതിക്ക് എട്ടുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മൊറയൂർ വാലഞ്ചേരി ചക്കുതൊടിക വീട്ടിൽ സൈതലവി എന്ന 47കാരനെയാണ് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം സാധാരണ തടവും പോക്‌സോ ആക്ട് പ്രകാരം അഞ്ചുവർഷം കഠിനതടവും 75,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം സാധാരണ തടവുമാണ് ശിക്ഷ.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 2020 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപത്തെ കമുകിൻ തോട്ടത്തിൽ ഊഞ്ഞാലു കെട്ടി ആടുന്നതിനിടെ പരാതിക്കാരിയായ കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. കൊണ്ടോട്ടി സബ് ഇൻസ്‌പെക്ടറായിരുന്ന വിനോദ് വലിയാറ്റൂരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 12 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 13 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോ മസുന്ദരനാണ് ഹാജരായത്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 47കാരന് അഞ്ചു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ചേമഞ്ചേരി പൂക്കാട് പന്തലവയല്‍കുനി വീട്ടില്‍ നിസാറിനെയാണ് (47) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി നിര്‍മാണം നടക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് കേസ്.