റിയാദ്: 2023 ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പ് ഇന്ന് ജിദ്ദയിൽ നടക്കുമെന്ന് ഫിഫ അറിയിച്ചു. ഈ വർഷം ഡിസംബർ 12 മുതൽ 22 വരെ ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ടൂർണമെൻറ് നടക്കുക. ഇതിെൻറ മുന്നോടിയായി നടക്കുന്ന ക്ലബ്ബുകളുടെ നറുക്കെടുപ്പിനാണ് ചൊവ്വാഴ്ച ജിദ്ദ നഗരം ആതിഥേയത്വം വഹിക്കുന്നത്. വിവിധ ക്ലബ് പ്രതിനിധികൾ നറുക്കെടുപ്പിൽ പെങ്കടുക്കും. പഴയ ടൂർണമെൻറ് സമ്പ്രദായത്തിലുള്ള അവസാന പതിപ്പായിരിക്കും ജിദ്ദയിൽ നടക്കാൻ പോകുന്ന ഈ ടൂർണമെൻറ്. യൂറോപ്യൻ ചാമ്പ്യൻ മാഞ്ചസ്റ്റർ സിറ്റി, സൗദി റോഷൻ ലീഗ് ചാമ്പ്യൻ സൗദി അൽ ഇത്തിഹാദ് ക്ലബ്ബ്, ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻ ഈജിപ്തിെൻറ അൽ അഹ്‌ലി, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ ജപ്പാെൻറ ഉറവ റെഡ് ഡയമണ്ട്‌സ്, ഓഷ്യാനിയ ചാമ്പ്യൻ ന്യൂസിലൻഡിലെ ഓക്‌ലൻഡ് സിറ്റി, നോർത്ത് അമേരിക്കൻ ചാമ്പ്യൻ മെക്സിക്കൻ ലിയോൺ ടൈഗ്രസ്, ഇതുവരെ നിർണയിച്ചിട്ടില്ലാത്ത കോപ്പ ലിബർട്ടഡോറസിലെ തെക്കേ അമേരിക്കൻ ചാമ്പ്യൻ എന്നീ ഏഴ് ടീമുകളാണ് ടൂർണമെൻറിൽ പെങ്കടുക്കുക.
ഡിസംബർ 12ന് ന്യൂസിലൻഡിലെ ഓക്‌ലൻഡ് സിറ്റിയെ അൽഇത്തിഹാദ് ക്ലബ് നേരിടുന്നതോടെയാണ് ടൂർണമെൻറ് ആരംഭിക്കുന്നത്. രണ്ടാം റൗണ്ട് ഡിസംബർ 15ന് നടക്കും. തുടർന്ന് സെമി ഫൈനൽ ഡിസംബർ 18, 19 തീയതികളിലും ഫൈനൽ ഡിസംബർ 22നുമായിരിക്കും.