കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും നോട്ടീസ് അയച്ചു. തിങ്കളാഴ്ച രാവിലെ 11ന് ഇ.ഡിയുടെ കൊച്ചി ഓഫിസിലെത്താനാണ് നിർദേശം. ഇ.ഡി നോട്ടീസ് പ്രകാരം സെപ്റ്റംബർ 11ന് ഹാജരാകുമെന്ന് എ.സി മൊയ്തീൻ അറിയിച്ചു. നിയമസഭ സമ്മേളനം നടക്കുന്നുണ്ടെങ്കിലും ഹാജരാകുമെന്ന് മൊയ്തീൻ വ്യക്തമാക്കി. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാംതവണയാണ് കേസിൽ എ.സി. മൊയ്തീന് ഇ.ഡി നോട്ടീസ് നൽകുന്നത്. കഴിഞ്ഞയാഴ്ച ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും അസൗകര്യം അറിയിച്ചിരുന്നു. 10 വർഷത്തെ ആദായനികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്.
തുടർച്ചയായ അവധി കാരണം രേഖകൾ സംഘടിപ്പിക്കാൻ പ്രയാസമുണ്ടെന്നും ഇവ ലഭിച്ചശേഷം മറ്റൊരു തീയതിയിൽ ഹാജരാകാമെന്നും ഇ-മെയിൽ വഴി ഇ.ഡിയെ അറിയിച്ചതിന് പിന്നാലെയാണ് സെപ്റ്റംബർ നാലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്. അന്നും ഹാജരാകാതിരുന്നതോടെയാണ് മൂന്നാം തവണ നോട്ടീസ് അയച്ചിരിക്കുന്നത്.