മുംബൈ: രാജ്യത്തിന്‍റെ പേര് ‘ഭാരത്’ എന്നാക്കി മാറ്റുമെന്ന ചർച്ചക്കിടെ സമൂഹമാധ്യമത്തിൽ ഭാരത് മാതാ പോസ്റ്റുമായി നടൻ അമിതാഭ് ബച്ചൻ. ‘ഭാരത് മാതാ കീ ജയ്’ എന്നാണ് ട്വിറ്ററിൽ (എക്സ്) ബച്ചൻ കുറിച്ചത്. ഇമോജിയായി ഇന്ത്യൻ പതാകയും ഉൾപ്പെടുത്തിയിട്ടുണ്ട്.പാർലമെന്‍റ് സമ്മേളനത്തിൽ രാജ്യത്തിന്‍റെ പേര് ‘ഭാരത്’ എന്നാക്കിമാറ്റുമെന്ന ചർച്ചക്കിടെയാണ് രാജ്യത്തെ മുൻനിര നടന്മാരിലൊരാളായ ബച്ചന്‍റെ പോസ്റ്റ് വന്നിരിക്കുന്നത്. നടന്‍റെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും ഏറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്. നടൻ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നാണിത് സൂചിപ്പിക്കുന്നതെന്ന് കമന്‍റ് ചെയ്തവരുമുണ്ട്.
ജി-20 സമ്മേളനുവമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്‍റ് ഓഫ് ഭാരത്’ എന്നാണ് ഉൾപ്പെടുത്തിയത്. ഇതുവരെയുള്ള രാഷ്ട്രപതിയുടെ രേഖകളിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അമൃത്കാലിലേക്ക് രാജ്യം കടക്കുകയാണെന്നും അതിനാൽ ഭാരത് എന്ന പേരാണ് ഉചിതമെന്ന അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയുടെ കുറിപ്പും വാർത്തക്ക് പിന്നാലെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഇൻഡ്യ എന്ന പേരിൽ വിശാല സഖ്യം രൂപവത്കരിച്ചതിന് പിന്നാലെ മുന്നണിക്കെതിരെ മോദി രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. ഇന്ത്യയെന്ന പുതിയ പേരിനെ മോദി ഭയക്കുകയാണെന്നും പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്ന് പേര് നല്‍കിയപ്പോള്‍ മോദിക്ക് വെറുപ്പ് വർധിച്ചുവെന്നും കോൺഗ്രസ് നേതാവ് അധിർ രജ്ഞൻ ചൗധരി വിമർശിച്ചു.