കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് മന്ദഗതിയിലായ സംഭവത്തിൽ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 27ാം ബൂത്തിൽ വോട്ടിംഗ് മന്ദഗതിയിൽ ആണെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ പ്രശ്നം ആരാഞ്ഞപ്പോൾ ഗുണ്ടകൾ വന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. പലരും വോട്ട് ചെയ്യാതെ തിരിച്ചു പോയെന്നും സമാധാനപരമായി വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സമയം കൂട്ടണം എന്ന് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. പരാതി നൽകിയിട്ടും കൂടുതൽ മെഷീൻ അനുവദിച്ചില്ല. ഉദ്യോഗസ്ഥരെ മാത്രം കൂടുതലായി അനുവദിക്കുകയായിരുന്നു. അവരെ വിടുന്നത് 4 മണിക്ക് മാത്രമായിരുന്നു. എന്ത് കൊണ്ട് ഔക്സിലറി ബൂത്ത് അനുവദിച്ചില്ല. ഇങ്ങനെ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ ആകാത്തത് ചരിത്രത്തിൽ ആദ്യമാണ്. ആ ഗുണ്ടകൾ ആരാണ് എന്ന് പറയുന്നില്ലെന്നും എല്ലാവർക്കും അറിയാമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ചില ബൂത്തുകളിൽ പോളിംഗ് വേഗത കുറഞ്ഞതിൽ അന്വേഷണം വേണമെന്ന് ചാണ്ടി ഉമ്മൻ വരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു. വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാതിരിക്കാനുള്ള ശ്രമം നടന്നോ എന്ന് സംശയമുണ്ടെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു.