ദില്ലി: ജി 20യിൽ സംയുക്ത പ്രസ്താവന ഇല്ലെങ്കിൽ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ശശി തരൂർ. സമവായം ഉണ്ടാക്കാനായില്ലെങ്കിൽ ഇന്ത്യയുടെ ദൗർബല്യമായി അത് വിലയിരുത്താൻ സാധ്യതയെന്നും തരൂർ പറഞ്ഞു. മൂന്നു ദിവസം ദില്ലി അടച്ചിട്ട് നടത്തുന്ന ഉച്ചകോടിയുടെ ഫലമെന്ത് എന്ന ചർച്ച ഉയരും. പുടിനും ഷി ജിൻപിങും വരാത്തത് ഉച്ചകോടിയെ ബാധിക്കും. ഷി ജിൻപിങ് വരാത്തത് നഷ്ടമെന്ന് ശശി തരൂർ പറഞ്ഞു. ജി 20 വലിയ വിഷയമാക്കി മാറ്റാൻ കേന്ദ്ര സർക്കാരിന് സാധിച്ചു. അദ്ധ്യക്ഷ സ്ഥാനത്തെ വലിയ സംഭവം ആക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാൽ ജി20 നന്നായി നടന്നത് കൊണ്ട് മാത്രം മോദിക്ക് വോട്ടു കിട്ടില്ലെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. വിദേശകാര്യ രംഗത്ത് എല്ലാവരും ഒന്നിച്ച് നില്ക്കണം എന്നാണ് തന്റെ നിലപാടെന്നും തരൂർ വ്യക്തമാക്കി. ഭിന്നതകൾ രാജ്യത്തിനകത്ത് നിർത്തണമെന്നും വിദേശത്ത് പരമാവധി ഇത് ഒഴിവാക്കണം എന്നും തരൂർ പറഞ്ഞു.