തിരുവനന്തപുരം: എ.ആർ ക്യാമ്പിലെ പൊലീസുകാർക്ക് ബാരക്ക് അലവൻസിന് പകരം താമസ ചെലവ് (എച്ച്.ആർ.എ) നൽകണമെന്ന നിർദേശം സർക്കാർ തള്ളി. ലോക്കൽ പൊലീസുകാരുടെ കാര്യത്തിലെന്നപോലെ എ.ആർ ക്യാമ്പുകാർക്കും എച്ച്.ആർ.എ നൽകണമെന്ന് പൊലീസ് വകുപ്പ് നിർദേശിച്ചിരുന്നു.പതിനൊന്നാം ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകത ചൂണ്ടിക്കാട്ടിയാണ് വകുപ്പ് നിർദേശം സമർപ്പിച്ചത്. കോർപറേഷൻ പരിധിയിൽ പ്രതിമാസം 5500 രൂപയാണ് ശരാശരി എച്ച്.ആർ.എ. എന്നാൽ, എ.ആർ ക്യാമ്പിലെ പൊലീസുകാർക്ക് ബാരക്കിൽ താമസിക്കാൻ പ്രതിമാസം 1500 രൂപയാണ് നൽകുന്നത്. സംസ്ഥാനത്ത് 18 എ.ആർ ക്യാമ്പുകളിലെ ഹവിൽദാർ മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ള 1200 ഓളം പേരെ ബാധിക്കുന്നതാണ് തീരുമാനം.ആംഡ് റിസർവ്, സിവിൽ പൊലീസ് കേഡർ എന്നിവ സംയോജിപ്പിച്ചെങ്കിലും ആംഡ് റിസർവ് ബറ്റാലിയനിലെ ചില വിഭാഗങ്ങൾ ക്യാമ്പിൽ തുടരുന്നുണ്ട്. എ.ആർ ബറ്റാലിയനുകളിൽ ജോലി ചെയ്യുന്നവർ ബാരക്കിൽ താമസിക്കേണ്ടതിനാൽ, ബാരക്ക് അലവൻസ് മാത്രമേ നൽകാൻ കഴിയൂ എന്നാണ് വിശദീകരണം. അതേസമയം, പൊലീസുകാർക്ക് കുടുംബസമേതം ബാരക്കിൽ താമസിക്കാൻ സാധിക്കില്ല.
കുടുംബത്തിന് താമസമൊരുക്കാൻ എച്ച്.ആർ.എ ആവശ്യമാണെന്ന് എ.ആർ ക്യാമ്പിൽ കഴിയുന്നവരുടെ വാദം. ഇക്കാര്യത്തിൽ മുൻ ഡി.ജി.പി അനിൽകാന്ത് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്ന കാര്യം സർക്കാർ ഉത്തരവിൽ എടുത്തുപറയുന്നുണ്ട്. സിവിൽ പൊലീസ് ഓഫിസർമാർക്കും ഇന്റലിജൻസ്, ക്രൈംബ്രാഞ്ച് വിഭാഗങ്ങൾക്കും പ്രതിവർഷം 5500 രൂപയോളം വരുന്ന യൂനിഫോം അലവൻസ് നൽകണമെന്ന നിർദേശവും സർക്കാർ തള്ളി. ഇവർ മുഴുവൻ സമയം യൂനിഫോം ധരിക്കാത്തതിനാൽ മുഴുവൻ അലവൻസ് നൽകേണ്ടെന്നാണ് സർക്കാർ നിലപാട്.കൂടാതെ 21ഓളം നിർദേശങ്ങൾ സർക്കാർ നിരസിച്ചു.തണ്ടർബോൾട്ട് കമാൻഡോകളുടെ അലവൻസ് അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനമാക്കുക, പൊലീസുകാരുടെ റിസ്ക് അലവൻസ് അടിസ്ഥാനശമ്പളത്തിന്റെ 10 ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങളും നിരസിച്ചവയിൽപെടും.