ദില്ലി: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ വിവാദത്തിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കനത്ത മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരോട് പറഞ്ഞു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാർക്ക് നിർദ്ദേശം നൽകിയത്. അതേസമയം ഹിമാചല്‍ , ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കായി വ്യവസായ വികസന പദ്ധതിയുടെ കീഴില്‍ 1164 കോടി രൂപയുടെ അധിക ഫണ്ടും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. കേന്ദമന്ത്രിസഭ യോഗത്തിന്റെ തീരുമാനങ്ങൾ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് അറിയിച്ചത്. രാജ്യത്തിന് മെച്ചപ്പെട്ട ഊർജ്ജ സംരക്ഷണ സംവിധാനം തയ്യാറാക്കുന്നുവെന്നും അനുരാഗ് ഠാക്കൂർ അറിയിച്ചു. പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കാൻ സർക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി ബാറ്ററി ഊർജ സംരക്ഷണ സംവിധാനത്തിനായി 3760 കോടി ഗ്രാന്‍റും കേന്ദ്ര മന്ത്രസഭ അംഗീകരിച്ചു. 2030-31 ഓടെ നാലായിരം മെഗാവാട്ട് വൈദ്യൂതി ഉദ്പാദിപ്പിക്കാൻ കഴിയുമെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.