ഗുവാഹത്തി: യാത്ര പുറപ്പെടാനായി റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരികെ ബേയില്‍ എത്തിച്ച് 11 യാത്രക്കാരെ പുറത്താക്കി. കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ സില്‍ചര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. സില്‍ചറില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്രയ്ക്ക് പറന്നുയരാനൊരുങ്ങിയ അലയന്‍സ് എയര്‍ വിമാനമാണ് യാത്രക്കാരുണ്ടാക്കിയ പ്രശ്നം കാരണം തിരികെ കൊണ്ടുവരേണ്ടി വന്നത്.
യാത്രക്കാരില്‍ ഒരാളായിരുന്ന സുരഞ്ജിത് ദാസ് ചൗധരി (45) വിമാനം പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് പൈലറ്റിന്റെ അറിയിപ്പ് വന്നിട്ടും ഇയാള്‍ സംസാരം അവസാനിപ്പിക്കാതെ വന്നപ്പോള്‍ എയര്‍ ഹോസ്റ്റസുമാര്‍ അടുത്തെത്തി ഇയാളോട് ഫോണ്‍ കട്ട് ചെയ്യാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നിട്ടും സുരഞ്ജിത് ദാസ് ചൗധരി വഴങ്ങിയില്ല. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇയാളെ പുറത്താക്കേണ്ടി വരുമെന്ന് ജീവനക്കാര്‍ അറിയിച്ചു.
എന്നാല്‍ ഇതോടെ സുരഞ്ജിത് ദാസ് ചൗധരിക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്ന പത്ത് പേര്‍ കൂടി പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങി. സുരഞ്ജിത് ഒപ്പമില്ലെങ്കില്‍ തങ്ങളും യാത്ര ചെയ്യുന്നില്ലെന്ന് ഇവര്‍ അറിയിച്ചതോടെ പതിനൊന്ന് പേരെയും പുറത്താക്കിയ ശേഷം വിമാനം പിന്നീട് യാത്ര തുടരുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സംഭവം അന്നു തന്നെ വിമാനം കമ്പനി അധികൃതര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചു.
വിമാനത്തില്‍ നിന്ന് ഇറക്കിയ പതിനൊന്ന് പേരെയും പൊലീസിന് കൈമാറി. എന്നാല്‍ വിമാന കമ്പനിയോ വിമാനത്താവള അധികൃതരോ ഇവര്‍ക്കെതിരെ പരാതി നല്‍കിയില്ല. ഇതോടെ ഇവരെ എല്ലാവരെയും പൊലീസ് പിന്നീട് വീടുകളിലേക്ക് മടങ്ങാന്‍ അനുവദിച്ചു. “വിമാനം റണ്‍വേയിലൂടെ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ ഫോണ്‍ കോള്‍ കട്ട് ചെയ്യണമെന്ന് സുരഞ്ജിത് ദാസ് ചൗധരിയോട് പലവട്ടം ജീവനക്കാര്‍ ആവശ്യപ്പെട്ടു. വഴങ്ങാതെ വന്നപ്പോള്‍ വിവരം പൈലറ്റിനെ അറിയിച്ചു. വിമാനം തിരികെ ബേയില്‍ എത്തിക്കാനായിരുന്നു പൈലറ്റിന്റെ തീരുമാനം” – വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പുറത്താക്കപ്പെട്ട യാത്രക്കാരന്‍ വിമാന ജീവനക്കാരോട് മോശമായി പെരുമാറുകയും അവരുമായി വിമാനത്തില്‍ വെച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നും ജീവനക്കാര്‍ പറയുന്നു. പിന്നീട് മറ്റുള്ളവരും കൂടി ഇയാള്‍ക്കൊപ്പം ചേര്‍ന്ന് പ്രശ്നം രൂക്ഷമാക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.