കോഴിക്കോട്∙ നിലമ്പൂർ പി.വി.അന്‍വര്‍ എംഎല്‍എയുടെ പക്കലുള്ള 15 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നാണ് ഓതറൈസഡ് ഓഫിസറുടെ റിപ്പോര്‍ട്ട്. ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനായി രേഖ നിര്‍മിച്ചു. പിവിആര്‍ എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും കണ്ടെത്തിയിട്ടുണ്ട്. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം തുടങ്ങിയതില്‍ ചട്ടലംഘനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കക്ഷികള്‍ക്ക് ആക്ഷേപം അറിയിക്കാന്‍ ഏഴു ദിവസം അനുവദിച്ചിട്ടുണ്ട്.
പി.വി. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി പരാതിക്കാരനായ പി.വി. ഷാജി ലാന്‍ഡ് ബോർഡിനു കൂടുതൽ തെളിവുകൾ കൈമാറി. 34.37 ഏക്കർ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കർ അധികഭൂമിയുടെ രേഖകൾ ഇവർ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധികമുള്ളതായി കണ്ടെത്തിയത്. പി.വി. അൻവർ, ഒന്നാംഭാര്യ ഷീജ അൻവർ, രണ്ടാം ഭാര്യ അഫ്സത്ത് അൻവർ ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങള്‍ക്കെതിരെയാണ് നോട്ടിസ് നൽകിയിട്ടുള്ളത്.