മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മകന്റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലേക്ക് എത്തിച്ച് വയോധിക. ശ്മശാനത്തിലേക്ക് എത്തിക്കാൻ ആംബുലൻസ് ലഭിക്കാത്തതിനാലാണ് മൃതദേഹം ഉന്തുവണ്ടിയിൽ കൊണ്ടുപോകേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.സ്ത്രീ തന്റെ ഇളയ മകനോടൊപ്പം മൃതദേഹം ഉന്തുവണ്ടിയിൽ കൊണ്ടുനടക്കുന്നതും അന്ത്യകർമങ്ങൾ നടത്താൻ സഹായം അഭ്യർഥിക്കുന്നതും വിഡിയോയിൽ കാണാം. സഹായമൊന്നും ലഭിക്കാതായതോടെ നിരാശരായ അമ്മയും മകനും സഹായത്തിനായി പൊലീസിനെ സമീപിച്ചു.
പൊലീസ് സബ് ഇൻസ്‌പെക്ടർ അമിത് കുമാർ മാലികാണ് അന്ത്യകർമ്മങ്ങൾ നടത്താൻ കുടുംബത്തെ സഹായിച്ചത്. ഇറ്റാവ ജില്ലയിൽ നിന്നുള്ള കുടുംബം കൂലിപ്പണിക്കായി മീററ്റിലേക്ക് വന്നതാണെന്ന് പൊലീസ് പറഞ്ഞു.മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ ഉത്തരവിട്ടതായി മീററ്റ് ചീഫ് മെഡിക്കൽ ഓഫിസർ അഖിലേഷ് മോഹൻ അറിയിച്ചു. ജില്ലയിലെ എല്ലാ ആശുപത്രികളിലും വാഹനങ്ങൾ ലഭ്യമാണ്. ഇത്തരമൊരു കേസ് വന്നാൽ അവരുടെ കുടുംബത്തിന് വാഹനം ലഭ്യമാക്കുമെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു.