ദില്ലി-മുംബൈ എക്‌സ്പ്രസ് വേയിൽ മെഴ്‍സിഡസ് ബെൻസ് പാൽ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിജെപി നേതാവിന്‍റെ മകൻ മരിച്ചു. രാജസ്ഥാനിൽ നിന്നുള്ള ബിജെപി നേതാവായ സത്വീർ ചാന്ദിലയുടെ മകൻ ആകാശ് ചാന്ദില (23) ആണ് മരിച്ചത്. എക്‌സ്പ്രസ് വേയിലെ സോഹ്‌ന-ദൗസ സ്‌ട്രെച്ചിലാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട ടാങ്കർ ഡ്രൈവർക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ കരോളിയിൽ രാഷ്ട്രീയ റാലിയിൽ പങ്കെടുത്ത ശേഷം ഫരീദാബാദിലേക്ക് മടങ്ങുകയായിരുന്ന ആകാശ് ചന്ദേല.
ഇടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിന്റെ ഡാഷ്‌ബോർഡിൽ കുടുങ്ങിയ ആകാശിനെ രക്ഷപ്പെടുത്താൻ മണിക്കൂറുകളോളം വേണ്ടിവന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഇരുമ്പ് വടിയും കയറും ഉപയോഗിച്ച് കാറിന്റെ ചേസിസിന്റെ മുൻഭാഗം വലിച്ച് മാറ്റിയ ശേഷമാണ് കാറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആകാശിനെ എൻഎച്ച്എഐ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. പഞ്ചാബ് രജിസ്‍ട്രേഷനിലുള്ള വെള്ള മെഴ്‌സിഡസ് കാർ ടാങ്കറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പാൽ ടാങ്കറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ അമിതവേഗമല്ല, എക്‌സ്പ്രസ് വേയിൽ വച്ച് മെഴ്‌സിഡസിന് മുന്നിൽ ടാങ്കർ പെട്ടെന്ന് ബ്രേക്ക് ചെയ്‍തതാണ് കൂട്ടിയിടിയിലേക്ക് നയിച്ചതെന്ന് ആകാശ് ചന്ദേലയുടെ സഹോദരൻ പരാതിയിൽ ആരോപിച്ചു.
താൻ തന്റെ സ്വന്തം വാഹനത്തിൽ സഹോദരൻ വാഹനത്തിന് പിന്നാലെ സഞ്ചരിച്ചിരുന്നുവെന്നും ടാങ്കര്‍ ഡ്രൈവറുടെ അശ്രദ്ധയും പെട്ടെന്നുള്ള ബ്രേക്കിംഗും കാരണം സഹോദരന്റെ കാർ ടാങ്കറിന്‍റെ പിറകിൽ ഇടിക്കുകയായിരുന്നുവെന്നും ആകാശിന്‍റെ സഹോദരൻ പറയുന്നു. സംഭവത്തെത്തുടർന്ന് ലോറി റോഡില്‍ ഉപേക്ഷിച്ച് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. പരിക്കേറ്റ സഹോദരനെ നൽഹാർ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായത് കാരണം അദ്ദേഹത്തെ ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലെ ട്രോമ സെന്ററിലേക്ക് റഫർ ചെയ്‍തെങ്കിലും ആകാശ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടില്ലെന്നും സഹോദരൻ തന്റെ പരാതിയിൽ പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശിയായ നിതിൻ യാദവ് എന്നയാളാണ് ടാങ്കര്‍ ലോറി ഓടിച്ചിരുന്നതെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ഐപിസി സെക്ഷൻ 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 304 എ (അശ്രദ്ധമൂലമുള്ള മരണം), 427 (അപകടം) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‍തിട്ടുണ്ട്. അപകടസമയത്ത് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് നുഹ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവങ്ങളുടെ ക്രമം അറിയാൻ എക്‌സ്പ്രസ് വേയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.