തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ പുതുപ്പള്ളിയങ്കത്തിൽ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മൻ വിജയക്കൊടി നാട്ടിയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ UDF -ന് 37719 വോട്ടുകളുടെ ഭൂരപക്ഷത്തിലാണ് ചരിത്ര വിജയം നേടിയത്. LDF -ന് കനത്ത തിരിച്ചടി നേരിട്ട തെരഞ്ഞടുപ്പിൽ ചില കണക്കുകൾ കൂടി ചേർത്ത് വിലയിരുത്തുകയാണ കോൺഗ്രസ് നേതാവ് ശബരീനാഥൻ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വൻ പ്രചാരണം നടത്തിയിട്ടും പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ ദയനീയ തോൽവി വലിയൊരു സൂചനയാണെന്ന് ശബരിനാഥൻ കുറിക്കുന്നു..
കുറിപ്പിങ്ങനെ…
പുതുപ്പള്ളിയിൽ ഇടതുപക്ഷത്തിന് കഴിഞ്ഞ ആറ് നിയമസഭ ഇലക്ഷനുകളിൽ ലഭിച്ചതിൽ ഏറ്റവും കുറച്ചു വോട്ടുകളിൽഒന്നാണ് ഇത്തവണ ലഭിച്ചത്.
2001 – ചെറിയാൻ ഫിലിപ്പ് – 45,956
2006 – സിന്ധു ജോയ് – 45,057
2011 – സുജ സൂസൻ – 36,667
2016 – ജെയ്ക് തോമസ്. – 44,505
2021 – ജെയ്ക് തോമസ് – 54,328
2023 – ജെയ്ക് തോമസ് – 41,644
എട്ടു പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിച്ചു, പാർട്ടി സെക്രട്ടറി ഉൾപ്പടെ മന്ത്രിമാർ നൂറ് കണക്കിന് കുടുംബയോഗങ്ങളിൽ പങ്കെടുത്തു, മന്ത്രി ശ്രീ വാസവൻ നേരിട്ട് പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിച്ചു,യുവനേതാക്കളും സൈബർ അണികളും കല്ലുവച്ച നുണകൾ പരത്തി. എന്നിട്ടും 2001 ൽ ഇടതുപക്ഷ സ്വതന്ത്രസ്‌ഥാനാർത്ഥിയായി മത്സരിച്ച ചെറിയാൻ ഫിലിപ്പിന് ലഭിച്ച വോട്ടുകൾ പോലും ഇത്തവണ ഇടതുപക്ഷ സ്‌ഥാനാർത്ഥിക്ക് ലഭിച്ചില്ല. പിണറായി ഭരണത്തിനെതിരെ ഇത് കൃത്യമായ ഒരു സൂചനയാണ്.
ഉമ്മൻചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം കൂടി ആഞ്ഞുവീശിയ തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മൻ എതിർ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടിയപ്പോൾ എൽഡിഎഫിന് 12,684 വോട്ടുകൾ കുറഞ്ഞു. വെറും 6447 വോട്ടുകൾ മാത്രം നേടാനായ ബിജെപി പുതുപ്പള്ളിയിലും നാണംകെട്ടു.
പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ചാണ്ടി ഉമ്മന്‍ ബഹുദൂരം പിന്നിലാക്കി. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം.
2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മൻ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ല.