ദില്ലി: ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ലോക നേതാക്കള്‍ക്കായി ഇന്ന് ഒരുക്കിയിരിക്കുന്നത് ഇന്ത്യന്‍ രുചികളോടെയുള്ള വിഭവസമൃദ്ധമായ പരമ്പരാഗത വെജിറ്റേറിയന്‍ പ്ലേറ്റര്‍. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തില്‍ ശനിയാഴ്ച ഉച്ചക്കാണ് വെജിറ്റേറിയന്‍ പ്ലേറ്റര്‍ വിരുന്നൊരുക്കിയിരിക്കുന്നത്. രണ്ടു ദിവസത്തെ ഉച്ചകോടിക്കായി ഐ.ടി.സി ഹോട്ടല്‍ ശൃംഖലയാണ് ഭക്ഷണം തയ്യാറാക്കുന്നത്. ശരത്കാലത്തിലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പരമ്പരാഗത വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ പരിചയപ്പെടുത്തല്‍ കൂടിയാകുകയാണി ഉച്ചഭക്ഷണവിരുന്ന്. ഉരുളക്കിഴങ്ങുകൊണ്ടുള്ള വിഭവമായ തന്തൂരി ആലു, വെണ്ടക്കകൊണ്ടുള്ള കുര്‍കുറി ബിന്ദി, ഗുച്ചി പുലാവ്, പനീര്‍ ടില്‍വാല തുടങ്ങിയ വിവിധ വിഭവങ്ങളാണ് ഉച്ചക്ഷണത്തിനായുള്ള വെജിറ്റേറിയന്‍ പ്ലേറ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാത്രിയിലും ചോളംകൊണ്ടുള്ള പ്രത്യേക വിഭവങ്ങള്‍ ഉള്‍പ്പെടെയാണുള്ളത്. ചക്ക, കാട്ടു കൂണ്‍ തുടങ്ങിയവകൊണ്ടുള്ള വിഭവങ്ങള്‍ക്കൊപ്പം കേരള മട്ട അരികൊണ്ടുള്ള ചോറും രാത്രിയിലെ മെനുവിലുണ്ട്. വിവിധതരം ഡെസേര്‍ട്ടുകളും തീന്‍മേശയിലുണ്ടാകും. കുങ്കുപൂവ് ഉള്‍പ്പെടെ ചേര്‍ത്തുള്ള കശ്മീരി കഹ്വ ഗ്രീന്‍ ടീയും ഫില്‍റ്റര്‍ കോഫിയും ഡാര്‍ജലിങ് ടീയുമെല്ലാം ലോകനേതാക്കള്‍ക്ക് പുതു രുചി സമ്മാനിക്കും.
പ്രഭാത ഭക്ഷണം ലോക നേതാക്കള്‍ താമസിക്കുന്ന ഹോട്ടലുകളിലാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചഭക്ഷണവും വൈകുന്നേരത്തെ സ്നാക്സും ഡിന്നറും ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.ഉച്ചകോടിയുടെ തീമായ വസുദൈവകുടുംബകം എന്ന ആശയത്തോട് യോജിക്കുന്ന തരത്തില്‍ ഐ.ടി.സിയുടെ ഏറ്റവും പ്രശസ്തരായ ഷെഫുമാരാണ് ഭക്ഷണം പാചകം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത്. രാജ്യത്തിന്‍റെ എല്ലാ പ്രൗഢവും പാരമ്പര്യവും വിളിച്ചോതിക്കൊണ്ടാണ് ജി20 സമ്മേളനത്തിന് ഇന്ത്യ വേദിയാവുന്നത്.