കൊല്‍ക്കത്ത: റാഗിങ്ങിന് പിന്നാലെ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ 13 പേര്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ജാദവ്പൂർ സർവകലാശാലയിലാണ് സംഭവം. ബിരുദ വിദ്യാര്‍ത്ഥിയായ 17കാരന്‍ മരിച്ച സംഭവത്തിലാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. ആഗസ്ത് 9നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിദ്യാര്‍ത്ഥിയെ നഗ്നനാക്കി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയിലൂടെ നടത്തിച്ചെന്നാണ് ആരോപണം. പിന്നാലെ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കൊൽക്കത്ത പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൊൽക്കത്ത പൊലീസിന്റെ നരഹത്യ കേസുകള്‍ അന്വേഷിക്കുന്ന വിഭാഗമാണ് റാഗിങ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഇപ്പോള്‍ കോളജില്‍ പഠിക്കുന്നവരും പൂര്‍വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 13 പേരെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരമാണ് പൊലീസ് ആദ്യം കൊലക്കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് നിരോധന നിയമത്തിലെ സെക്ഷൻ 4 ചേർത്തു.
പ്രതികൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കണമെന്ന് പശ്ചിമ ബംഗാൾ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (ഡബ്ല്യുബിസിപിസിആര്‍) നേരത്തെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 12 കൂടി അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തി. വിദ്യാര്‍ത്ഥി ലൈംഗിക പീഡനത്തിന് വിധേയനായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് കേസിന്‍റെ ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സർവകലാശാലയിലെ ഭരണപരമായ വീഴ്ചകളും അടിസ്ഥാന സൗകര്യ പോരായ്മകളും പരിശോധിക്കാൻ പശ്ചിമ ബംഗാള്‍ സർക്കാർ നാലംഗ വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചു. കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സുഭ്രോ കമല്‍ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള പാനലാണ് രൂപീകരിച്ചത്. ഗവർണർ സി വി ആനന്ദ ബോസാണ് സമിതിയെ രൂപീകരിച്ചത്. കാമ്പസിലെ റാഗിങ്ങും അക്രമവും അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ജസ്റ്റിസ് കമൽ മുഖർജി പരിശോധിച്ച് ശുപാർശ ചെയ്യും.