ഇടുക്കി: വണ്ടിപെരിയാറിൽ വീണ്ടും കടുവയുടെ സാനിധ്യം. കഴിഞ്ഞ ദിവസം രാത്രിയിൽ വണ്ടിപെരിയാർ 56-ാം മൈലിന് സമിപം കടുവ ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞു. കടുവയുടേതിന് സമാനമായ കാൽപാടുകൾ പ്രദേശത്തു നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ടെത്തി. കടുവയെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രാത്രി ഏഴ് മണിയോടെയാണ് 56 ആം മൈലിന് സമിപം ദേശീയ പാതയോട് ചേർന്നുള്ള പ്രദേശത്ത്, നാട്ടുകാർ കടുവയെ കണ്ടത്. പ്രദേശവാസിയായ സണ്ണിയുടെ വീട്ടിലെ പട്ടി കൂടിന് സമിപം കടുവ എത്തിയിരുന്നു. ജനവാസ മേഖലയിൽ നിലയുറപ്പിച്ച കടുവ വലിയ ശബ്‍ദത്തിൽ തുടർച്ചയായി ഗർജ്ജിക്കുകയും ചെയ്തു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ മേഖലയിൽ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. എന്നാൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ മേഖലയിൽ കണ്ടെത്തി. ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവയെ പിടികുടാൻ അടിയന്തരമായി കൂട് സ്ഥാപിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.