ഭോപ്പാൽ: ജന്മാഷ്ടമി ആഘോഷത്തിനിടെ ക്ഷേത്ര നിയമങ്ങൾ ലംഘിച്ചുവെന്ന പരാതിയിൽ രാജകുടുംബാംഗം അറസ്റ്റിൽ. മധ്യപ്രദേശ് പന്നയിലുള്ള പുരാതന രാജകുടുംബത്തിലെ അംഗമായ ജിതേശ്വരി ദേവിയാണ് ശ്രീകോവിലിനുള്ളിൽ പ്രവേശിച്ചതിന്റെ പേരിൽ അറസ്റ്റിലായത്. പന്ന ജില്ലയിലെ ബുന്ദേൽഖണ്ഡ് പ്രദേശത്തുള്ള പ്രശസ്തമായ ശ്രീ ജുഗൽ കിഷോർ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.ക്ഷേത്രാചാര പ്രകാരം എല്ലാ കൊല്ലവും അർദ്ധരാത്രിയാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ആരതി സ്വയം ചെയ്യാം എന്നുപറഞ്ഞ് ജിതേശ്വരി ദേവി ചടങ്ങുകൾ തടസപ്പെടുത്തിയതായി ക്ഷേത്ര ഭാരവാഹികൾ പറയുന്നു. തുടർന്ന് ഇവർ നിർബന്ധപൂർവം ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണു.
ഇതോടെ, ക്ഷേത്രത്തിൽ സംഘർഷം ഉണ്ടായി. ഉടൻ പൊലീസ് എത്തി, ജിതേശ്വരി ദേവിയോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇതിനിടെ, ഇവർ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. ജിതേശ്വരി ദേവി പൊലീസിനോടും ക്ഷേത്രഭാരവാഹികളോടും തർക്കിക്കുന്നതിെൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജിതേശ്വരിയെ പൊലീസ് ബലംപ്രയോഗിച്ചാണ് പുറത്തിറക്കിയത്.
ക്ഷേത്രാചാരപ്രകാരം ജന്മാഷ്ടമി നാളിൽ രാജകുടുംബത്തിലെ അംഗങ്ങളായ പുരുഷൻമാർ മാത്രമാണ് പ്രത്യേക ആചാരമായ `ചാൻവാർ’ അനുഷ്ടിക്കാറുള്ളത്. മകന് വരാൻ സാധിക്കാത്തതിനാൽ കർമം താൻ ചെയ്യാമെന്ന് ജിതേശ്വരി ദേവി വാശി പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജിതേശ്വരിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ, 353 വകുപ്പുകൾ പ്രകാരം ജിതേശ്വരി ദേവിയെ അറസ്റ്റ് ചെയ്തത്.