തിരുവനന്തപുരം > യുനെസ്കോ പ്രസിദ്ധീകരിച്ച 2023-ലെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിങ് റിപ്പോർട്ടിൽ കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മൂന്ന് പ്രത്യേക പരാമർശങ്ങൾ.’സഹവർത്തിത്തോടെയുള്ള പ്രവർത്തനങ്ങൾ ഉള്ളടക്ക നിർമിതിയുടെ ഗുണനിലവാരവും വൈവിധ്യവും വർധിപ്പിക്കും’ എന്ന തലക്കെട്ടിനു കീഴിലാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റിന്റെ നേതൃത്വത്തിലുള്ള ‘സ്കൂൾവിക്കി’ പോർട്ടൽ അന്താരാഷ്ട്ര മാതൃകയായി പരാമർശിച്ചിട്ടുള്ളത്. സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ വിക്കിമീഡിയാ പ്ലാറ്റ്ഫോമിൽ തയ്യാറാക്കിയ സ്കൂൾവിക്കിയിൽ 15000 സ്കൂളുകളെക്കുറിച്ചുള്ള ഉള്ളടക്കം പങ്കാളിത്ത രീതിയിൽ വികസിപ്പിച്ചെടുത്തതാണ് ശ്രദ്ധേയമായ നേട്ടമായി യുനസ്‌കോ റിപ്പോർടിലുള്ളത്.
സ്കൂളുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് പുറമെ സംസ്ഥാന സ്കൂൾ കലോത്സവ രചനകൾ, ചിത്രങ്ങൾ, ഡിജിറ്റൽ മാഗസിനുകൾ, കോവിഡ്കാല രചനകൾ എന്നിങ്ങനെ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ വിവര സംഭരണിയാണ് സ്കൂൾവിക്കി (www.schoolwiki.in) പോർട്ടൽ.
‘ സ്വതന്ത്ര സോഫ്‍റ്റ്‍വെയറിൽ ചില രാജ്യങ്ങൾ ചാമ്പ്യന്മാരായിട്ടുണ്ട്’ എന്ന ശിർഷകത്തിനു കീഴിലാണ് കേരളത്തിലെ സ്കൂളുകളിൽ പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് ഡിജിറ്റൽ വിദ്യാഭ്യാസം നടത്തുന്ന മാതൃക അവതരിപ്പിച്ചിട്ടുള്ളത്. കേരള സർക്കാരിന്റെ സ്വതന്ത്ര സോഫ്‍റ്റ്‍വെയർ നയം എടുത്തു പറയുന്ന റിപ്പോർട്ട് കേരളത്തിലെ സ്കൂളുകളിൽ രണ്ട് ലക്ഷം ലാപ്‍ടോപ്പുകൾ ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്‍വെയർ ആപ്ലിക്കേഷനുകൾ വിന്യസിച്ചിട്ടുള്ള കാര്യം രേഖപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിൽ സ്കൂളുകളിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് കണക്ഷനുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണ് യുനസ്‌കോ റിപ്പോർടിന്റെ മൂന്നാമത്തെ പരാർശം. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഏറ്റവും പുതിയ സ്വതന്ത്ര സോഫ്‍റ്റ്‍വെയർ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള പുതിയ ഐസിടി പാഠപുസ്തകങ്ങൾ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സാങ്കേതിക വിദ്യയെ പൊതു വിദ്യാഭ്യാസത്തിൽ ഉൾചേർക്കുന്നതിൽ കേരളത്തിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമാണ് യുനസ്‌കോ റിപ്പോർട്ടിലെ പരാമർശങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.