ദില്ലി: ജി 20 അധ്യക്ഷ സ്ഥാനം പ്രതീകാത്മകമായി ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാറ്റണ്‍ കൈമാറിയെങ്കിലും ഇന്ത്യ നവംബര്‍ വരെ അധ്യക്ഷ സ്ഥാനത്ത് തുടരും. ഡിസംബര്‍ ഒന്നിനാകും ബ്രസീല്‍ ഔദ്യോഗികമായി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളുടെ ശബ്ദത്തിന് കൂടി ഡല്‍ഹി ജി 20യില്‍ സമയം അനുവദിച്ചതിന് ബ്രസീല്‍ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ നന്ദി അറിയിച്ചു. ഡല്‍ഹി ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്തുന്നതിനായി നവംബറില്‍ നയതന്ത്രതലത്തില്‍ വെര്‍ച്വല്‍ യോഗമെന്ന നിര്‍ദേശം മോദിയും മുന്നോട്ടുവച്ചു.
സാമൂഹിക അസമത്വം ഇല്ലാതാക്കല്‍, പട്ടിണിക്കെതിരായ പോരാട്ടം, ഊര്‍ജരംഗത്തെ മുന്നേറ്റം, സുസ്ഥിര വികസനം എന്നിവ റിയോ ഡി ജനീറ ജി20 ചര്‍ച്ചകളുടെ മുന്‍ഗണനകളായി ലുല ഡ സില്‍വ പട്ടികപ്പെടുത്തി. ലോകത്ത് വികസനം സാധ്യമാകണമെങ്കില്‍ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരമായോ അല്ലാതെയോ കൂടുതല്‍ അംഗങ്ങള്‍ കടന്നുവരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മുന്നോട്ടുവച്ചു. ഇതും റിയോ ഡി ജനീറ ജി 20 ചര്‍ച്ച ചെയ്യുമെന്ന് ലുല ഡ സില്‍വ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടവും അദ്ദേഹം ഊന്നിപ്പറഞ്ഞു.