കൊല്‍ക്കത്ത: രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് മാറ്റി ഭാരത് എന്നാക്കി മാറ്റുമെന്ന് ബിജെപി എംപി ദിലീപ് ഘോഷ്. പേരുമാറ്റത്തെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യം വിട്ടുപോകാം. കൊല്‍ക്കത്തയിലെ വിദേശികളുടെ പ്രതിമകള്‍ നീക്കം ചെയ്യുമെന്നും പശ്ചിമ ബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. ഖരഗ്പൂരില്‍ ചായ് പേ ചര്‍ച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്- ‘പശ്ചിമ ബംഗാളില്‍ ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍, കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും ഞങ്ങള്‍ നീക്കം ചെയ്യും. ഇന്ത്യയുടെ പേര് ഭാരത് എന്ന് ഞങ്ങള്‍ പുനര്‍നാമകരണം ചെയ്യും. അത് ഇഷ്ടപ്പെടാത്തവര്‍ക്ക് രാജ്യം വിടാന്‍ സ്വാതന്ത്ര്യമുണ്ട്.’
ഒരു രാജ്യത്തിന് രണ്ട് പേരുണ്ടാവാന്‍ പാടില്ലെന്നും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ ദില്ലിയില്‍ വന്നതിനാല്‍ പേര് മാറ്റാന്‍ പറ്റിയ സമയമാണിതെന്നും മറ്റൊരു മുതിര്‍ന്ന ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു. അതേസമയം പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യെ ഭയക്കുന്നതിനാല്‍ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ശന്തനു സെന്‍ വിമര്‍ശിച്ചു.